Breaking News

വലിയ പറമ്പ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെയും സഹപ്രവർത്തകരുടെയും സമയോചിതമായ ഇടപെടൽ ; വീട്ടിൽ പ്രസവിച്ച അതിഥി സംസ്ഥാന തൊഴിലാളി അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചു

കാഞ്ഞങ്ങാട് : വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി സ്ത്രീയെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചത് വലിയ പറമ്പ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെയും സഹപ്രവർത്തകരുടെയും സമയോചിതമായ ഇടപെടൽ. മാവിലാകടപ്പുറത്ത് താമസിക്കുന്ന പശ്‌ചിമ ബംഗാൾ സ്വദേശിയായ ഹൈദർ അലിയുടെ ഭാര്യ മുഹസീനയ്ക്ക് ഞായർ വൈകീട്ട് 6.30നാണ്‌ പ്രസവവേദന വന്നത്‌.
ആശുപത്രിയിലെത്തിക്കാൻ വാഹനം ലഭിക്കാതെ വന്നതോടെ വീട്ടിൽ തന്നെ പ്രസവിച്ചു. കുട്ടി പുറത്ത് വന്നെങ്കിലും, പൊക്കിൾകൊടി മുറിച്ച് മാറ്റി അമ്മയേയും കുഞ്ഞിനെയും വേർപേടുത്താൻ പറ്റാത്ത ഗുരുതര സാഹചര്യമുണ്ടായി.
ആശ പ്രവർത്തകയായ സിന്ധുവിൽ നിന്ന് വിവരം അറിഞ്ഞ വലിയ പറമ്പ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ധന്യ, നേഴ്‌സുമാരായ ടി പി ഉഷ, എൻ അംബിക എന്നിവർ ആംബുലൻസിൽ അമ്മയേയും കുഞ്ഞിനേയും ലേബർ റൂം സൗകര്യമുള്ള തൃക്കരിപ്പൂരിലെ ആശുപത്രിയിൽ എത്തിച്ചു. പൊക്കിൾകൊടി മുറിച്ചു മാറ്റി, രക്തസ്രാവം നിർത്തി. പ്രാഥമിക ചികിത്സ ഉറപ്പാക്കുകയും ചെയ്തു. തുടർന്ന് ഗൈനക്കോളജിസ്റ്റിന്റെയും ശിശുരോഗ വിദഗ്ദന്റെയും പരിശോധനയ്ക്കു ശേഷം അമ്മയേയും കുഞ്ഞിനെയും കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റി. ജില്ലാശുപത്രിയിലേയ്ക്കുള്ള ആംബുലൻസിലും ആരോഗ്യ പ്രവർത്തകർ കൂടെ ഉണ്ടായിരുന്നു.
അമ്മയും കുഞ്ഞും ജില്ലാശുപത്രിയിൽ സുഖമായിട്ടുണ്ട്‌ മെഡിക്കൽ ഓഫീസറും സംഘവും ഇടപെട്ടിലായിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമായിരുന്നെന്ന് ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞു.


No comments