നാട്ടക്കൽ സ്കൂളിന് ഇനി ട്രാഫിക് നിയമങ്ങൾ അടയാളപ്പെടുത്തിയ റോഡ്
വെള്ളരിക്കുണ്ട് : നാട്ടക്കൽ എ. എൽ. പി സ്കൂളിലെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി അധ്യാപകർ കുട്ടികൾക്ക് സമ്മാനിച്ചത് ട്രാഫിക് സിഗ്നൽ അടയാളപ്പെടുത്തിയ റോഡ്.
റോഡപകടങ്ങൾ നിത്യ സംഭവമാകുന്ന നാട്ടിൽ കുഞ്ഞു കുട്ടികൾക്ക് ചെറുപ്പം മുതലേ റോഡ് നിയമങ്ങൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ വജ്ര ജൂബിലി കമ്മറ്റി മനോഹരമായ റോഡ് നിർമ്മിച്ചത്.
ക്ലാസ് മുറിവിട്ട് പുറത്ത് നിന്നു തന്നെ കുട്ടികൾക്ക് റോഡ് നിയമങ്ങൾ ഇനി അറിയാൻ കഴിയും വിധത്തിലാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. വെള്ളരിക്കുണ്ട് കൊന്നക്കാട് പ്രധാന റോഡിൽ നിന്നും സ്കൂൾ മുറ്റത്തേക്ക് നിർമ്മിച്ച റോഡിന് ഏകദേശം 20 മീറ്റർ ദൂരമുണ്ട്.
ഈ ഇരുപതു മീറ്റർ നീളമുള്ള റോഡിൽ സീബ്ര ലൈൻ ഉൾപ്പെടെ വൺ വേ രീതിയും വരച്ചു. സൈഡിൽ മഞ്ഞവരയും ട്രാഫിക് സിഗ്നലുകളും വരച്ചു കാട്ടിയപ്പോൾ ഈ കുഞ്ഞു റോഡ് നാട്ടക്കൽ സ്കൂളിലെ കുഞ്ഞുകുട്ടികളുടെ കുഞ്ഞു മനസ്സിൽ നിറഞ്ഞു നിൽക്കുന്നതരത്തിലാണ്.
ട്രാഫിക് നിയമങ്ങൾ നാലാം ക്ലാസിലെ പഠന വിഷയംകൂടിയായ സാഹചര്യത്തിൽ നാട്ടക്കൽ സ്കൂളിൽ ഒരുക്കിയ ട്രാഫിക് സിഗ്നൽ ഉൾപ്പെടെ ഉള്ള റോഡ് വെള്ളരിക്കുണ്ട് സബ്ബ് ആർ. ടി. ഒ. ഓഫീസിലെ മോട്ടോർ വൈഹിൽ ഇൻസ്‌പെക്ടർ കെ. ദിനേശൻ ഉത്ഘാടനം ചെയ്തു.
വജ്രജൂബിലി കമ്മറ്റി ചെയർമാൻ എം. പി. രാജൻ അധ്യക്ഷതവഹിച്ചു. റോഡിലും സൈഡുകളിലും ട്രാഫിക് ചിഹ്നങ്ങൾ വരച്ച ശില്പി സാജൻ ബിരിക്കുളത്തിനുള്ള ഉപഹാരം ചടങ്ങിൽ വെച്ച് മോട്ടോർ വൈഹിൽ ഇൻസ്‌പെക്ടർ സമ്മാനിച്ചു.
പ്രധാന അധ്യാപിക വിജയകുമാരി സ്വാഗതവും പി. ടി. എ. പ്രസിഡന്റ് രാജേഷ് കുമാർ നന്ദിയും പറഞ്ഞു.
No comments