Breaking News

അന്ത്യ അത്താഴത്തിന്റെ സ്മരണയിൽ ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും നടന്നു


വെള്ളരിക്കുണ്ട്: അന്ത്യ അത്താഴത്തിന്റെ സ്മരണയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനകളും നടക്കും. ഈസ്റ്ററിലേക്ക് എത്തുന്ന വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുൻ‌പുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം. യേശു തന്റെ അപ്പോസ്തോലന്മാരുമൊത്ത് അവസാനമായി കഴിച്ച അത്താഴത്തിന്റെ ഓർമക്കായാണ് ഈ ആചാരം.

‘കടന്നു പോകല്‍’ എന്നാണ് പെസഹാ എന്ന വാക്കിനര്‍ത്ഥം. ബൈബിളില്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും പെസഹാ ആചരിക്കുന്നുണ്ട്. ഈജിപ്ത് അടിമത്തത്തില്‍ നിന്ന് ഇസ്രായേല്‍ ജനതയെ മോചിപ്പിച്ചതാണ് പഴയ നിയമത്തിലെ പെസഹാ. എന്നാല്‍ ക്രിസ്തു തന്‍റെ ശിഷ്യന്‍മാരോടൊത്ത് ഭക്ഷിച്ച അന്ത്യ അത്താഴമായി പുതിയ നിയമത്തില്‍ പെസഹാ.


പുതിയ നിയമത്തിലെ പെസഹായുടെ പിന്തുടര്‍ച്ചയാണ് ഇന്നത്തെ ക്രൈസ്തവരുടെ പെസഹാ ആചരണം. ശിഷ്യന്‍മാരുടെ കാല്‍ കഴുകി ലോകത്തിന് മുഴുവന്‍ ക്രിസ്തു എളിമയുടെ സന്ദേശം നല്‍കിയതിന്‍റെ ഓര്‍മപ്പെടുത്തലാണ് പെസഹാ വ്യാഴാഴ്ച ദേവാലയങ്ങളിലെ കാല്‍കഴുകല്‍ ശുശ്രൂഷ. തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരുടെ കാലുകളാണ് പുരോഹിതന്‍ കഴുകി തുടച്ച് ചുംബിക്കുക. അന്ത്യ അത്താഴത്തിന്‍റെ സ്മരണയാണ് പെസഹാ വ്യാഴാഴ്ച വീടുകളിലൊരുക്കുന്ന പെസഹാ വിരുന്ന്. കുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയാണ് പെസഹാ അപ്പം വിതരണം ചെയ്യുക

No comments