Breaking News

ഭീമനടി ഗ്രാമീണകോടതിയിലെ ന്യായാധിപന് സ്ഥലംമാറ്റം


ഭീമനടി : മലയോര ജനതയ്ക്ക് ആശ്വാസമായിരുന്ന ഭീമനടിയിലെ ഗ്രാമന്യായാലയത്തിൽനിന്ന്‌ ന്യായാധിപന്‌ വീണ്ടും സ്ഥലംമാറ്റം. ഒരു വർഷമായി ന്യായാധിപനില്ലാതിരുന്നയിവിടെ 20 ദിവസംമുമ്പാണ്‌ ന്യായാധിപനെ നിയമിച്ചത്. അദ്ദേഹത്തെയാണ്‌ കാസർക്കോട്ടേക്ക് സ്ഥലം മാറ്റിയത്‌. 2016ലാണ് സംസ്ഥാനത്ത് 30 ഗ്രാമീണ കോടതികൾ തുടങ്ങിയത്. ഇതിൽ ജില്ലയിലെ ഏക ഗ്രാമീണ കോടതിയാണ് ഭീമനടിയിലെ ഗ്രാമന്യായാലയം. ഭീമനടി ബസ്റ്റാൻഡിൽ ഗവ.ആയുര്‍വേദ ആശുപത്രിയുടെ മുകളിൽ വെസ്റ്റ് എളേരി പഞ്ചായത്താണ്‌ ഇരുനില കെട്ടിടം നിർമ്മിച്ച് നൽകിയത്‌.
2019 മെയ് 20വരെ ഇവിടെ സ്ഥിരം ന്യായാധികാരിയുണ്ടായിരുന്നു. നിരവധി കേസുകൾ ഇവിടെ പരിഗണിച്ചിരുന്നു. ന്യായാധികാരിയില്ലെങ്കിലും സെക്രട്ടറി, ക്ലാർക്ക്, ആമീൻ, പ്രോസസ്സ് സർവ്വർ ഓഫീസ് അറ്റന്റന്റ് കോൺഫിഡൻഷ്യൽ അസിസ്റ്ററ്റ് തുടങ്ങി 10 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. സർക്കാർ വക്കീലിന്റെ സേവനവും ലഭിക്കേണ്ടതുണ്ട്. മലയോരത്തെ പനത്തടി, കള്ളാർ, കോടോം ബേളൂർ, കിനാന്നൂർ കരിന്തളം , ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ ജനങ്ങൾക്കാണ് ഈ കോടതിയുടെ പ്രയോജനം ലഭിക്കുന്നത്.
രാജപുരം, വെള്ളരിക്കണ്ട്, ചിറ്റാരിക്കാൽ അമ്പലത്തറ, നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ കേസ്സുകളാണ് ഇവിടെ പരിഗണിച്ചിരുന്നത്.
സംസ്ഥാനത്തെ ഗ്രാമന്യായാലകളിൽ ഒരുമാസം മുമ്പ് ന്യായാധികാരികളെ നിയമിയിച്ചിരുന്നു. അങ്ങനെയാണ്‌ ഭീമനടിയിലും ന്യായാധിപനെത്തിയത്‌. പകരം ന്യായാധിപൻ ഇല്ലാത്തതിനാൽ ഈ പ്രദേശത്തുള്ളവർ 70 കിലോമീറ്ററുകൾക്കപ്പുറമുള്ള കാസർകോട്‌ കുടുംബക്കോടതിയെയോ 40 കിലോമീറ്ററുകൾ അകലെയുള്ള കാഞ്ഞങ്ങാട്ടെ കോടതിയെയൊ സമീപിക്കണം.


No comments