Breaking News

കടുത്തവേനൽ ; മലയോരത്തെ കവുങ്ങ് ,കുരുമുളക് തോട്ടങ്ങളിൽ കർഷകരുടെ കണ്ണീർ


വെള്ളരിക്കുണ്ട് : വേനൽമഴ മാറിനിന്നപ്പോൾ ജില്ലയിലുണ്ടായത്‌ വൻ കെടുതി. മലയോരത്ത്‌ പോലും തോട്ടങ്ങൾ ഉണങ്ങിത്തുടങ്ങി. ഇത്തവണ ജില്ലയിൽ 99 ശതമാനം വേനൽ മഴക്കുറവാണുണ്ടായത്‌. കഴിഞ്ഞയാഴ്‌ച ചില പ്രദേശങ്ങളിൽ മഴ കിട്ടിയെങ്കിലും, കടുത്ത ചൂട്‌ തുടർന്നതിനാൽ കാര്യമായ ഫലം ചെയ്‌തില്ല. മലയോരത്ത്‌ അൽപം മഴ കിട്ടിയതൊഴിച്ചാൽ സംസ്ഥാനത്തു തന്നെ ഏറ്റവും കുറച്ച്‌ മഴ കിട്ടിയ ജില്ലയാണ്‌ കാസർകോട്‌. ജൂണിലാണ്‌ കാലവസ്ഥാ വകുപ്പ്‌ കാലവർഷം പ്രവചിക്കുന്നത്‌. അതായത്‌ മഴ ശരിക്കും പെയ്യാൻ ഇനിയും പത്തുദിവസം കഴിയുമെന്നർഥം. ഒരുമാസത്തോളം നനയ്‌ക്കാത്ത തോട്ടങ്ങൾ ശരിക്കും ഉണങ്ങി. ചായ്യോത്തെ കെ പി നാരായണന്റെ കുലച്ച കവുങ്ങുതോട്ടം ഉണങ്ങിപ്പോയി. കുരുമുളക്‌, വാഴ, തെങ്ങ്‌ എന്നിവയ്‌ക്കും വരൾച്ച ബാധിച്ചു. ബങ്കളം കൂട്ടപ്പുന്നയിലെ കല്ലുടുക്കാൽ ശൈലജയുടെ തോട്ടത്തിലെ അമ്പതോളം കവുങ്ങുകളും,മുപ്പതോളം തെങ്ങുകളും കരിഞ്ഞുണങ്ങി.കടുത്തവരൾച്ചയാണ് കൂട്ടപ്പുന്നയിലും ബങ്കളത്തും.കിണറുകളെല്ലാം വറ്റിവരണ്ടു.കെ വി ബിന്ദുവിന്റെ കവുങ്ങിൻതോട്ടം മുഴുവനായുംകരിഞ്ഞുണങ്ങി.ഒരുമാസം മുമ്പുവരെ നന്നായി നനച്ച തോട്ടങ്ങൾക്കാണ്‌ ഏറെ ക്ഷീണം. നന്നായി നനയ്‌ക്കേണ്ട സമയത്ത്‌, കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയാണ്‌ ഇത്തവണ ജില്ലയിലുണ്ടായത്‌.


No comments