Breaking News

സ്വന്തമായി വാഹനമില്ലാത്ത പടന്ന സ്വദേശിയായ പ്രവാസിക്ക് പൊലീസിന്റെ നിയമലംഘന നോട്ടിസ്


തൃക്കരിപ്പൂർ ∙ പടന്ന തെക്കെക്കാട്ടിലെ പി.സി.ഇമ്രാന് സ്വന്തമായി വാഹനം ഉണ്ടെന്നും ആ വാഹനം നിയമം ലംഘിച്ചു ഓടിച്ചുവെന്നും പൊലീസ്. സ്വന്തമായി വാഹനം ഇല്ലാത്ത പ്രവാസിയായ ഇമ്രാൻ പൊലീസ് അടിച്ചേൽപ്പിച്ച ‘സ്വന്തം വാഹനം’ തിരയുന്നു. വ്യാഴാഴ്ചയാണ് ഇമ്രാൻ ഖത്തറിൽ നിന്നു നാട്ടിലെത്തിയത്. വന്ന ഉടനെ കിട്ടിയത് മലപ്പുറത്ത് നിയമം ലംഘിച്ചതിന്റെ നോട്ടിസും. പെരിന്തൽമണ്ണയിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 13നു 10.47നു കെഎൽ 60 എച്ച് 9364 നമ്പർ കാറിൽ യാത്ര ചെയ്യുമ്പോൾ ട്രാഫിക് നിയമലംഘനം നടത്തിയെന്നാണ് നോട്ടിസിൽ പറയുന്നത്. 250 രൂപയാണ് പിഴ ഒടുക്കേണ്ടത്.

സംഭവം നടന്നു 14 മാസം കഴിയുമ്പോഴാണ് ട്രാഫിക് പൊലീസിന്റെ ‘കാര്യക്ഷമത’ വ്യക്തമാക്കുന്ന  നോട്ടിസ് പിഴയായി എത്തിയത്. പരിശോധനയിൽ മലപ്പുറം സ്വദേശിയായ അനീസ് എന്ന ആളുടെ പേരിലാണ് ഈ കാറെന്നു വ്യക്തമായിട്ടുണ്ട്. ഈ വാഹനം മോട്ടർ വാഹന വകുപ്പിന്റെ പിഴ ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ തനിക്കെതിരെ മറ്റെന്തെങ്കിലും നടപടി ഉണ്ടാകുമോ എന്ന ആശങ്കയാണ് ഇമ്രാന്.നോട്ടിസിൽ ഇമ്രാന്റെ മൊബൈൽ നമ്പർ കൃത്യമായി ഉണ്ട്. വാഹനമില്ലാത്ത തനിക്ക് നോട്ടിസ് ലഭിച്ചത് സംബന്ധിച്ച് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ അവർ കൈ മലർത്തുകയാണത്രെ. തൽക്കാലം നോട്ടിസിനെ ‘മൈൻഡ്’ ചെയ്യേണ്ടെന്ന നിർദേശമാണ് ഒടുവിൽ ബന്ധപ്പെട്ടവരിൽ നിന്നു ലഭിച്ചത്.

No comments