Breaking News

കോട്ടഞ്ചേരി വികസനം; എം.എൽ.എയുടെ സാന്നിധ്യത്തിൽ റവന്യൂ,വനം,ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർക്കണം; വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം


വെള്ളരിക്കുണ്ട്: കോട്ടഞ്ചേരി വികസനവുമായി  ബന്ധപ്പെട്ട് എംഎൽഎയുടെ സാന്നിധ്യത്തിൽ റവന്യൂ വനം ടൂറിസം എന്നിവ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ സംയുക്ത യോഗം വിളിച്ചുചേർക്കാൻ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. അതിനായി തഹസിൽദാരെ ചുമതലപ്പെടുത്തി.

വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷത്തിലേറെ ആയിട്ടും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആർ.ടി.ഒ ഓഫീസ് അടിയന്തിരമായി സിവിൽ സ്റ്റേഷനിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് വികസനസമിതി യോഗം ആവശ്യപ്പെട്ടു.

3 തവണ അഗ്നിബാധ ഉണ്ടാവുകയും, രണ്ട് തവണ മോഷണം നടക്കുകയും ചെയ്ത വെള്ളരിക്കുണ്ട് ബിവറേജസ് ഔട്ട്ലെറ്റ്നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നും  സൗകര്യപ്രദമായ രീതിയിൽ പണി കഴിപ്പിച്ച തൊട്ടടുത്തുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും വികസന സമിതി യോഗം ആവശ്യപ്പെട്ടു.

അപകടങ്ങൾ തുടർച്ചയായ പരപ്പച്ചാൽ പാലം പുതുക്കി പണിയാൻ ഫണ്ട് വകയിരുത്താൻ കഴിയാത്ത സാഹചര്യത്തിൽ 2023-2024 ലെ പൊതുമരാമത്ത് വികസന ഫണ്ട് ഉപയോഗിച്ച് അടിയന്തിരമായി പാലം പുതുക്കി പണിയണമെന്നും താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.


വെള്ളരിക്കുണ്ട് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കാഞ്ഞങ്ങാട് എം.എൽ.എ ഇ ചന്ദ്രശേഖരൻ അധ്യക്ഷനായി. തഹസിൽദാർ പി.വി മുരളി,

വെസ്റ്റ്എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.സി ഇസ്മായിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.പി തമ്പാൻ, ബാബു കോഹിനൂർ, പി.ടി നന്ദകുമാർ, എ.സി.എ ലത്തീഫ്, ബിജു തുളുശേരി എന്നിവർ പങ്കെടുത്തു.

No comments