വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് അവഗണിക്കുന്നുവെന്ന് യുഡിഎഫ് ആക്ഷേപം
വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരി പഞ്ചായത്തിലെ എളേരിത്തട്ടിൽ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ വയോജകേന്ദ്രത്തിന്റെ ഉത്ഘാടനചടങ്ങിൽ പട്ടികജാതിക്കാരിയായ പഞ്ചായത്ത് പ്രസിഡണ്ടിനെ അവഗണിച്ചെന്ന് ആക്ഷേപം.
എൽ.ഡി.എഫിൽ നിന്നും യൂ. ഡി.എഫ്. ഭരണം തിരിച്ചു പിടിച്ച വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനനെ എളേരിയിൽ നടന്ന വയോജന കേന്ദ്രത്തിന്റെ ഉത്ഘാടന ചടങ്ങിൽ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന് വെസ്റ്റ്എളേരി യു ഡി എഫ് നേതാക്കൾ വെള്ളരിക്കുണ്ട് പ്രസ് ഫോറത്തിൽ നടന്ന പത്ര സമ്മേളനത്തിൽ അറിയിച്ചു.
പിന്നോക്ക വിഭാഗത്തിൽ പ്പെട്ട പഞ്ചായത്ത് പ്രസിഡണ്ടിനെ ബ്ലോക്ക് പഞ്ചായത്ത് നിരന്തരം അവഗണിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഒരുക്കുമെന്നും യു.ഡി. എഫ് വെസ്റ്റ് എളേരി മണ്ഡലം കമ്മറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പഞ്ചായത്തിന്റെയും നാട്ടു കാരുടെയും സഹായത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് എളേരിത്തട്ടിൽ 18ലക്ഷം രൂപയോളം ചിലവഴിച്ച് വയോജനകേന്ദ്രം പൂർത്തിയാക്കിയത്.
ഉത്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ടിനെ മാറ്റി നിർത്താൻ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി എം. എൽ. എ. യെ കൊണ്ട് വയോജന കേന്ദ്രത്തിന്റെ ഉത്ഘാടനം നടത്തി എന്നും അധ്യക്ഷ പദവി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വഹിച്ചുവെന്നും പ്രോട്ടോകോൾ പൂർണ്ണമായും ലംഘിച്ചു വെന്നും യു. ഡി. എഫ്. നേതാക്കൾ ആരോപിച്ചു.
എൽ ഡി എഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ ലക്ഷ്യമെന്നും ഇനിയും ഇത്തരത്തിലുള്ള അവഗണനയോ ജാതി അയിത്തമോ തുടർന്നാൽ സമരപരിപാടികൾക്ക് രൂപംനൽകുമെന്നും യു. ഡി. എഫ്. നേതാക്കൾ പറഞ്ഞു..
പത്രസമ്മേളനത്തിൽ പ്രസിഡന്റ് ഗിരിജ മോഹനൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി. കെ. രാജൻനായർ, യു. ഡി. എഫ്. നേതാക്കളായ ജെറ്റോ ജോസഫ്, ആന്റക്സ് ജോസഫ്, മാത്യു കളത്തൂർ, എം. അബൂബക്കർ, എം.വി ലിജിന, മോളികുട്ടി പോൾ. ജെയിംസ്, ടി.എ ജോയ് കിഴക്കരക്കാട്ട് എന്നിവർ പങ്കെടുത്തു
എന്നാൽ എളേരിത്തട്ടിലെ വയോജനകേന്ദ്രം ഉത്ഘാടനം സംബന്ധിച്ച് യു. ഡി. എഫ്. നേതാക്കളും പഞ്ചായത്ത് പ്രസിഡണ്ടും ഉന്നയിക്കുന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും ഉത്ഘാടനത്തിനു വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ടിനെ ക്ഷണിച്ചതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡണ്ടിനുള്ള ക്ഷണകത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗം വഴി നൽകിയതായും പ്രസിഡണ്ടിനെ ഫോണിൽ പലതവണ ബന്ധപെട്ടെങ്കിലും സംസാരിക്കാൻ സാധിച്ചില്ലെന്നും അവർ തിരിച്ചു വിളിക്കുകയോ വയോജന കേന്ദ്രവുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗങ്ങൾ വെസ്റ്റ്എളേരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥിരമായി ബഹിഷ്കരിച്ചിരുന്നതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. നോട്ടീസിലും ശിലാഫലകത്തിലും വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിൻ്റെ പേര് ഉൾപ്പെടുത്തിയിരുന്നുവെന്നും ക്ഷണിക്കാൻ വൈകിയെങ്കിൽ ക്ഷമ ചോദിക്കുന്നതായും പരിപാടിയിൽ പങ്കെടുക്കണമെന്ന് പ്രസിഡണ്ടിനോട് അപേക്ഷിച്ചതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു, എന്നാൽ മറ്റൊരു പരിപാടിയിൽ ആയതിനാൽ വരാൻ കഴിയില്ലെന്നായിരുന്നു പ്രസിഡണ്ടിൻ്റെ മറുപടിയെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി പറഞ്ഞു.
No comments