കുറഞ്ഞ ചിലവിൽ നാട്ടുകാഴ്‌ചകൾ സമ്മാനിക്കുന്ന കെഎസ്‌ആർടിസിയുടെ ടൂറിസം പ്ലാൻ ജില്ലയിലും ഹിറ്റ്
കാസർകോട് : കുറഞ്ഞ ചിലവിൽ മികച്ച നാട്ടുകാഴ്‌ചകൾ സമ്മാനിക്കുന്ന കെഎസ്‌ആർടിസിയുടെ ടൂറിസം പ്ലാൻ ജില്ലയിലും ഹിറ്റ്. നാലുതവണ മൂന്നാറിലേക്കും രണ്ടുതവണ വയനാട്ടിലേക്കും നിറയെ യാത്രക്കാരുമായി ജില്ലയിൽ നിന്നും യാത്രസംഘടിപ്പിച്ചു കഴിഞ്ഞു.
മലബാർ മേഖലയിൽ 96 ലക്ഷത്തിന്റെ വരുമാനമായിരുന്നു കഴിഞ്ഞ മാസം ടൂറിസം യാത്രയിലൂടെ കെഎസ്‌ആർടിസി ലക്ഷ്യമിട്ടത്. 1.8 കോടിയുടെ വരുമാനമാണ് ലഭിച്ചത്. കാസർകോട് ജില്ലയിൽ നിന്നും പോയ യാത്രയിലും നിറയെ യാത്രക്കാരുണ്ടായിരുന്നു. അവസാന നിമിഷം ടിക്കറ്റ് റദ്ദാക്കിയാൽ മാത്രമാണ് ഇപ്പോൾ സീറ്റ് ഒഴിവാകുക.
സെമി സ്ലീപ്പർ പച്ച ബസാണ് ഓടിക്കുന്നത്. സുഖമായി ഉറങ്ങി യാത്രചെയ്യാമെന്നതിനാൽ കുടുംബങ്ങൾക്കും ഏറെ താൽപര്യം. സുരക്ഷിതത്വം ഉറപ്പുള്ളതിനാൽ 90 ശതമാനം പേരും കുടുംബമായാണ് യാത്രക്കെത്തുന്നത്. മൂന്നാറിലേക്ക് വൈകിട്ട് തിരിച്ച് രാവിലെ എത്തുന്ന രീതിയിലാണ് പ്ലാൻ. വയനാട്ടിലേക്ക് രാത്രി വൈകിയും പുറപ്പെടും. അവധി ദിവസങ്ങളോട് ചേർന്ന് സംഘടിപ്പിക്കുന്നതാണ് മിക്ക യാത്രയും.
അടുത്ത വയനാട് യാത്ര 23ന്
കെഎസ്ആർടിസിയുടെ അടുത്ത വയനാട് യാത്ര 23ന്. കാസർകോട് നിന്നും രാത്രി തിരിക്കും. ബാണാസുരസാഗർ ഡാം, ഇടയ്ക്കൽ ഗുഹ, പൂക്കോട് തടാകം, 900 കണ്ടി, കുറുവ ദ്വീപ് എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. വനയാത്രയുമുണ്ടാകും. ഫോൺ: 9495694525, 9446862282, 8075556767.
No comments