Breaking News

ജില്ലയിലെ 30 തദ്ദേശസ്ഥാപനങ്ങൾ മാലിന്യമുക്തം ഹരിതസഭ റിപ്പോർട്ട് ജനകീയ ഓഡിറ്റിംഗിന് വിധേയമാക്കും


സമ്പൂര്‍ണ മാലിന്യമുക്തമാകാനൊരുങ്ങി ജില്ല. ജില്ലയിലെ 27 പഞ്ചായത്തുകളും മൂന്ന് നഗരസഭകളും മാലിന്യമുക്തമായി പ്രഖ്യാപിച്ചു. മാലിന്യ മുക്തമാകാനുളള ഈസ്റ്റ് എളേരി, മുളിയാര്‍ , കുമ്പള, മൊഗ്രാല്‍ പുത്തൂര്‍ ,  ചെമ്മനാട് , മധൂര്‍ , മംഗല്‍പ്പാടി ,വൊര്‍ക്കാടി , മഞ്ചേശ്വരം , പൈവളിഗെ , പുത്തിഗെ പഞ്ചായത്തുകളില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഒരാഴ്ചക്കകം ഈ പഞ്ചായത്തുകള്‍ മാലിന്യമുക്തമാകുമെന്നും ഒക്ടോബര്‍ 31നകം ജില്ലയെ സമ്പൂര്‍ണ മാലിന്യ മുക്തമാക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്നും നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ ബാലകൃഷ്ണന്‍ പറഞ്ഞു. ജൂണ്‍ അഞ്ചിന് വിവിധ പഞ്ചായത്തുകളില്‍ ചേര്‍ന്ന ഹരിതസഭയില്‍ 8471 പേര്‍ പങ്കെടുത്തു. മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 5 വരെ തദ്ദേശ സ്ഥാപന തലത്തില്‍ നടത്തിയ മാലിന്യ മുക്ത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജനകീയമായി നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനാണ് ഹരിതസഭ ചേര്‍ന്നത്. ഹരിതസഭയില്‍ അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ട് ജനകീയ ഓഡിറ്റിംഗിന് വിധേയമാക്കും. ഇതിനായി രൂപീകരിച്ച ജനകീയ ഓഡിറ്റിംഗ് കമ്മിറ്റി ജൂണ്‍ മാസത്തില്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ നിര്‍ദേശിക്കും.


ഹരിതസഭയ്ക്ക് മുന്നോടിയായി ജനപ്രതിനിധികള്‍ വീടുകള്‍ സന്ദര്‍ശിച്ച് മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പരിശോധിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഹരിതകര്‍മ സേനയുടെ കുറവുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ അംഗങ്ങളെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കി സജീവമാക്കി. പൊതുഇടങ്ങളിലുള്ള മാലിന്യ കൂമ്പാരങ്ങള്‍ കണ്ടെത്തി അവ നീക്കാനുള്ള നടപടികള്‍ കൈക്കൊണ്ടു. വീണ്ടും മാലിന്യം തള്ളാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ നടന്നുവരികയാണ്. എല്ലാ വാര്‍ഡുകളിലും പൊതുഇട ശുചീകരണം ജനകീയ പങ്കാളിത്തത്തോടെ നടത്തി. ഇതിനുശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ശുചീകരിച്ചു. തദ്ദേശസ്ഥാപനങ്ങളില്‍ ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട മൂന്നംഗ പാനലായിരുന്നു ഈ റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയുടെയും ക്രോഡീകരണത്തിനും ഇടപെട്ടത്.

No comments