Breaking News

ഒരാഴ്ചക്കകം പള്ളിക്കര മേൽപ്പാലം തുറക്കുമെന്ന് നാഷണൽ ഹൈവേ പ്രോജക്ട് മാനേജർ


കേന്ദ്രസര്‍ക്കാരിന്റെ ഭാരത് മാലാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പണിപൂര്‍ത്തിയായ നിലേശ്വരം പള്ളിക്കര മേല്‍പ്പാലം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതിനു മുന്നോടിയായുള്ള പരിശോധനയ്ക്ക് വേണ്ടി എന്‍.എ..എച്ച്.എ.ഐ പ്രോജക്ട് മാനേജര്‍ (ഫീഡ്ബാക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ്) ബി.വി രാമകൃഷ്ണ മേല്‍പ്പാലം സന്ദര്‍ശിച്ചു. സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി മൂന്ന് ദിവസത്തിനകം തന്നെ റിപ്പോര്‍ട്ട് ലഭിക്കുമെന്നും കൂടിപ്പോയാല്‍ ഒരാഴ്ചക്കകം മേല്‍പ്പാലം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്നും മേല്‍പ്പാലം സന്ദര്‍ശിച്ചതിനുശേഷം അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തോടൊപ്പം മുന്‍ എം.പി പി.കരുണാകരന്‍, എം.രാജഗോപാലന്‍ എംഎല്‍എ, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി സാഗര്‍ ചാത്തമത്ത്, മണ്ഡലം ട്രഷറര്‍ ടി.രാധാകൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം എ.രാജീവന്‍, മുന്‍സിപ്പല്‍ പ്രസിഡന്റ് പി.മോഹനന്‍, സേവാഭാരതി നിലേശ്വരം മുനിസിപ്പല്‍ സെക്രട്ടറി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മേല്‍പ്പാലം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്ത ശേഷം സര്‍വീസ് റോഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ഇനിയും ചെറിയ ജോലികള്‍ക്ക് വേണ്ടി മേല്‍പ്പാലം തുറന്നുകൊടുക്കുന്നത് നീട്ടി വയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വീസ് റോഡില്‍ മതിലുകള്‍ ഇല്ലാത്ത വീടിന് മുന്നില്‍ മതിലുകള്‍ നിര്‍മ്മിച്ചുകൊണ്ട് റിഫ്‌ലക്റ്റര്‍ സ്ഥാപിക്കുമെന്നും ബാക്കിയുള്ള അനുബന്ധ പ്രവൃത്തികള്‍ പാലം തുറന്നു കൊടുത്തതിനു ശേഷമേ നടത്തുകയുള്ളൂ എന്നും ഇനിയും പാലം തുറക്കാതെ ജനങ്ങളുടെ യാത്രാബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നീട്ടി കൊണ്ടുപോകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നീലേശ്വരം പള്ളിക്കര റെയില്‍വെ ഗേറ്റില്‍ ഒരാഴ്ച്ചയ്ക്കിടെ വാഹനമിടിച്ചതിന്റെ പേരില്‍ ആര്‍.പി.എഫ്. മൂന്ന് തവണയായി പിഴ ഈടാക്കിയത് 1,11,548 രൂപ. ചൊവ്വാഴ്ച്ച ഗേറ്റിലിടിച്ച മിനിലോറി ഉടമയില്‍ 30,528 രൂപയാണ് പിഴ ഈടാക്കിയത്. ഞായറാഴ്ച്ച രാത്രി ഗേറ്റില്‍ ലോറി ഇടിച്ച സംഭവത്തില്‍ 30,500 രൂപയും 21-ന് പിക്കപ്പ് ഇടിച്ച സംഭവത്തില്‍ 50,520 രൂപയും പിഴ ഈടാക്കി.

No comments