കീഴ്മാല എ എൽ പി സ്ക്കൂളിന് മുന്നിലെ റെയിൽവേ സ്ലീപ്പർവേസ്റ്റ് തിരിച്ചെടുക്കുവാൻ തീരുമാനമായി
കരിന്തളം: കീഴ്മാല എ എൽ പി സ്ക്കൂളിന് മുൻവശം മെയിൻ റോഡരികിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് യാതൊരു നിയന്ത്രണവുമില്ലാതെ കൊണ്ട് തളളിയ റെയിൽവെ ട്രാക്ക് ഇടുവാൻ ഉപയോഗിക്കുന്ന സ്ലിപ്പർവേസ്റ്റ് തിരിച്ചെടുക്കുവാൻ നിലേശ്വരം സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ പി ടി എ യുടെയും , പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നാട്ടുകാരുടെയും സ്ഥല ഉടമകളുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായി. സ്ലീപ്പർവേസ്റ്റ് ഇവിടെന്ന് പൊട്ടിച്ചാൽ കുട്ടികൾക്കുൾപ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും വൻ പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടാകുമെന്ന് കാട്ടി സ്ക്കൂൾ പി ടി എ പ്രസിഡന്റും പ്രധാന അധ്യാപികയും ചേർന്ന് പഞ്ചായത്ത് സെക്രട്ടറിക്കും നീലേശ്വരം സി ഐ ക്കും പരാതി നൽകിയിരുന്നു. നിലവിൽ ഭിന്നശേഷിയിൽപ്പെടുന്നതുൾപ്പെടെ 80 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് കൂടാതെ ജനവാസ മേഖലയുമാണ്. അതിനിടയ്ക്ക് കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പമില്ലാതെ അഥിതി തൊഴിലാളികളെ വെച്ച് സ്ലിപർവേസ്റ്റ് പൊട്ടിക്കാൻ തുടങ്ങിയിരുന്നു. സംഭവം ഉടൻ തന്നെ പി ടി എ പ്രസിഡന്റ് സി ഐ യെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ എസ് ഐ സംഭവ സ്ഥലത്ത് വന്ന് പണി നിർത്തിവെപ്പിക്കുകയും തുടർന്ന് ഇരുകൂട്ടരെയും സ്‌റ്റേഷനിലെക്ക് വിളിപ്പിക്കുകയും ചെയ്തത്. അതിന്റെ അടിസ്ഥാനത്തിൽ നടന്ന ചർച്ചയിൽ സ്ലീപർവേസ്റ്റ് കൊണ്ടിടുകയോ ഇവിടെയുള്ളത് ഒരു കാരണവശാലും പൊട്ടിക്കുകയോ ചെയ്യരുതെന്നും ഇവിടെയുള്ളവയെല്ലാം തന്നെ തിരിച്ചെടുക്കണമെന്നും തീരുമാനമായി. ചർച്ചയിൽ സർക്കിൾ ഇൻസ്പെക്ടർ പ്രേംസദൻ ,പി ടി എ പ്രസിഡന്റ് വാസു കരിന്തളം , കിനാനൂർ - കരിന്തളം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജലീഷ് കെ നാട്ടുകാരെ പ്രതിനിധീകരിച്ച് വി സുധാകരൻ സ്ഥല ഉടമകളായ ബിജു, മനീഷ് തുടങ്ങിയവർ സംബന്ധിച്ചു.
No comments