Breaking News

ജില്ലയിൽ രണ്ടുമുതൽ അഞ്ചുവരെയുള്ള വാക്‌സിൻ എടുക്കാത്ത 4724 കുട്ടികൾക്ക്‌ തിങ്കൾ മുതൽ ഒക്ടോബർ 14 വരെ വാക്‌സിൻ വിതരണം ചെയ്യുമെന്ന്‌ കലക്ടർ കെ ഇമ്പശേഖർ




കാസർകോട്‌ : ജില്ലയിൽ രണ്ടുമുതൽ അഞ്ചുവരെയുള്ള വാക്‌സിൻ എടുക്കാത്ത 4724 കുട്ടികൾക്ക്‌ തിങ്കൾ മുതൽ ഒക്ടോബർ 14 വരെ വാക്‌സിൻ വിതരണം ചെയ്യുമെന്ന്‌ കലക്ടർ കെ ഇമ്പശേഖർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനൊപ്പം 1105 ഗർഭിണികൾക്കും വാക്സിൻ നൽകും.
ഒന്നാം ഘട്ടം തിങ്കൾ മുതൽ 12 വരെയും രണ്ടാംഘട്ടം സെപ്തംബർ 11 മുതൽ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബർ ഒമ്പതുമുതൽ 14 വരെയും നടക്കും. വാക്സിനേഷൻ യജ്ഞത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളും ഭാര്യമാരും ഉൾപ്പെടുന്നുണ്ട്. വാക്സിൻ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ ആയ കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിൻ നൽകാനാണ് മിഷൻ ഇന്ദ്ര ധനുഷ്‌ എന്ന പേരിൽ വാക്‌സിൻ തീവ്രയജ്ഞം നടപ്പാക്കുന്നത്. ഇതിന്റെ മുന്നോടിയായി ആശാ, അങ്കണവാടി പ്രവർത്തകർ വീടുകൾ സന്ദർശിച്ച് വാക്സിൻ എടുക്കാത്തവരുടെ കണക്ക്‌ ശേഖരിച്ചിരുന്നു. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴികെ രാവിലെ ഒമ്പതുമുതൽനാലുവരെ വാക്‌സിൻ നൽകും.
ജില്ലാ ഉദ്ഘാടനം തിങ്കളാഴ്‌ച ചെമ്മനാട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.
വാർത്താ സമ്മേളനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാമദാസ്, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ടി പി ആമിന, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുള്ള ലത്തീഫ് മഠത്തിൽ, ഡിപിഎച്ച്എൻ എം ഗീത എന്നിവരും പങ്കെടുത്തു.
കഴിഞ്ഞമാസം 1004 പേർ 
വാക്‌സിൻ എടുത്തില്ല

ജൂലൈയിൽ പൂർണമായി വാക്‌സിൻ എടുക്കാത്ത 39 കുട്ടികളാണ്‌ ജില്ലയിലുള്ളത്‌. പകുതി മാത്രമെടുത്തവർ 965. ചെങ്കള പഞ്ചായത്ത്‌, കാസർകോട്‌ അർബൻ എന്നിവിടങ്ങളിലാണ്‌ കൂടുതലും വാക്‌സിൻ എടുക്കാത്തത്‌. വാക്‌സിനെ കുറിച്ച്‌ അവബോധമില്ലാത്തതാണ്‌ പ്രധാന പ്രശ്‌നം. മറ്റുജില്ലകളിലേത്‌ പോലെ സംഘടിതമായ വാക്‌സിൻവിരോധം ജില്ലയിലില്ല. വാക്‌സിനെതിരെ സമൂഹ്യ മാധ്യമങ്ങളിലും മറ്റും പ്രചാരണം നടത്തിയാൽ കർശന നിയമ നടപടിയുണ്ടാകുമെന്ന്‌ കലക്ടർ മുന്നറിയിപ്പ്‌ നൽകി.


No comments