Breaking News

ജോലിക്ക് പോവാൻ പറഞ്ഞ കാരണത്താൽ യുവാവിനെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടി; സഹോദരൻ കസ്റ്റഡിയിൽ


തിരുവനന്തപുരം: യുവാവിനെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടി. തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടത്താണ് സംഭവം. രാജ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടെ സഹോദരന്‍ ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.

രണ്ട് വർഷം കൊണ്ട് ഉണ്ടാക്കിയ കുഴി മൂടിയതിൽ അമ്മയ്ക്ക് സംശയം തോന്നിയിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ച് ബോധം പോയകണ്ണനെ അടിപിടിക്കിടയിൽ പ്രതിയായ ബിനു തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നുവെന്ന് ബന്ധു പറഞ്ഞു.

സംഭവത്തെ കുറിച്ച് ബന്ധു പറയുന്നത് ഇങ്ങനെ; 'കഴിഞ്ഞ വെള്ളിയാഴ്ച ദിവസം മദ്യപിച്ച് ജംങ്ഷനിലെ മുറുക്കാന്‍ കടയില്‍ നില്‍ക്കുകയായിരുന്നു രാജ്. അവിടെ നിന്ന് സിഗററ്റ് വാങ്ങി വീട്ടിലേക്ക് വരുന്ന വഴി, വസ്ത്രം മാറിയിട്ട് വരാമെന്ന് പറഞ്ഞ് പോയ കണ്ണന്‍ പിന്നെ തിരിച്ചു വന്നിട്ടില്ല. അതിനിടയില്‍ സഹോദരങ്ങള്‍ തമ്മില്‍ അടിപിടി ഉണ്ടായിട്ടുണ്ടാകാം. വലിയ കണ്ണനോട് (പ്രതിയായ ബിനു) ജോലിക്ക് പോകണമെന്ന് ചെറിയ കണ്ണന്‍ പറയുമായിരുന്നു. ജോലിയ്ക്ക് പോകുന്നത് പ്രതിയായ ബിനുവിന് ഇഷ്ടമല്ല. അതുകൊണ്ട് തന്നെ ഇവര്‍ തമ്മിൽ അടിപിടി ഉണ്ടായിരുന്നിരിക്കാം. ബിനു സ്വബോധത്തോടെയും കണ്ണന്‍ കുടിച്ച് ബോധം ഇല്ലാത്ത അവസ്ഥയിലുമായിരുന്നു. അടിപിടിക്കിടയിൽ സഹോദരനെ തൂക്കിയടുത്ത് നിലത്തടിച്ചു ജീവന്‍ പോയിയെന്ന് ബിനു പൊലീസിനോട് പറഞ്ഞു.

ഓണമായത് കൊണ്ട് അമ്മ എന്റെ വീട്ടിലായിരുന്നു. കാര്യങ്ങളൊക്കെ അവിടെ വന്ന് പറയാറുണ്ടായിരുന്നു. കണ്ണനെ കാണാനില്ലെന്ന് പറഞ്ഞ് അമ്മയ്ക്ക് ഉറക്കം ഉണ്ടായിരുന്നില്ല. അപ്പോഴാണ് വീടിന് മുന്നില്‍ കുഴിയുള്ള കാര്യം പറയുന്നത്. കുഴിയിൽ മൃതദേഹം ഉണ്ട്, മകനെ കൊന്നെന്നാണ് സംശയമെന്ന് അമ്മ പറഞ്ഞു. രണ്ട് വര്‍ഷം കൊണ്ട് എടുത്ത കുഴി ഇപ്പോള്‍ ഇവന്‍ മൂടാന്‍ കാരണമെന്താണെന്ന് അമ്മ ചോദിച്ചു. കുഴിയിലെന്താണെന്ന് ചോദിച്ചപ്പോള്‍ ഒരു പ്ലാവ് നട്ടുവെച്ചിരിക്കുകയാണെന്നാണ് ബിനു അമ്മയോട് പറഞ്ഞത്. ഇത് പൊലീസില്‍ പറയാന്‍ പറഞ്ഞു. അങ്ങനെ ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി കുഴി പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.'

മദ്യപിച്ച് വരുന്ന ദിവസങ്ങളില്‍ സഹോദരങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. എട്ട് ദിവസത്തോളമായി രാജിനെ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വീട്ടുമുറ്റത്തെ കുഴിയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

No comments