Breaking News

കാസർഗോഡ് ആർടിഒ ഓഫീസിൽ വിജിലൻസ്‌ പരിശോധന കണ്ടെത്തിയത് വൻ ക്രമക്കേട് ‌;
 34,410 രൂപ പിടിച്ചെടുത്തു


കാസർകോട്‌ : സിവിൽ സ്‌റ്റേഷനിലെ കാസർകോട്‌ ആർടിഒ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത്‌ വൻ ക്രമക്കേട്. ഓഫീസുകളിൽ വ്യാപകമായി കൈക്കൂലി വാങ്ങുന്നുണ്ടെന്ന്‌ പരിശോധനയിൽ കണ്ടെത്തി. ഏജന്റുമാരിൽനിന്നും കൈക്കൂലിയായി നൽകാൻ കൊണ്ടുവന്ന 34,410 രൂപയും പിടിച്ചെടുത്തു. ഗൂഗിൾ പേ വഴി അടക്കം ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന് പരിശോധനയിൽ കണ്ടെത്തി. ആഴ്ച്ചപ്പടി കൃത്യമായി എത്തിക്കുന്ന ഏജന്റുമാരുടെ പേര്‌ മൊബൈലിൽ സേവ് ചെയ്യുമ്പോൾ പേരിനൊപ്പം ബഹുമാനസൂചകമായി ആർടിഒ പദവി ചില ഉദ്യോഗസ്ഥർ നൽകിയതായും കണ്ടെത്തി. കാസർകോട്ടുകാരായ ഏജന്റുമാരെ മാനന്തവാടിക്കാരനാക്കിയും മാഹിക്കാരനാക്കിയും ഫോണിൽ നമ്പർ സേവ്‌ ചെയ്‌ത്‌ ചില ഉദ്യോഗസ്ഥർ ആഴ്ചാവസാനം വിഹിതം കൃത്യമായി വാങ്ങുന്നതായും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹന രജിസ്ട്രേഷൻ അപേക്ഷയും ലൈസൻസുകളും പെർമിറ്റും താമസിപ്പിച്ചാണ് കൈക്കൂലി വാങ്ങുന്നത്. ഓഫീസ് സമയം അവസാനിക്കുന്നതിനുമുമ്പ് ഓഫീസിനകത്ത് അസ്വാഭാവികമായി തമ്പടിച്ച ഏജന്റുമാരിൽനിന്നാണ്‌ പണം പിടിച്ചെടുത്ത്‌. വിജിലൻസ് ഡിവൈഎസ്‌പി വി കെ വിശ്വഭരൻ നായരുടെ നേതൃത്വത്തിൽ തിങ്കൾ ഉച്ചയോടെ നടത്തിയ പരിശോധനയിലാണ്‌ ക്രമക്കേട്‌ തെളിഞ്ഞത്‌. ഇൻസ്പെക്ടർ കെ സുനുമോൻ, സബ് ഇൻസ്പെക്ടർ വി എം മധുസൂദനൻ, അസി. സബ് ഇൻസ്പെക്ടർ വി ടി സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി രാജീവൻ, കെവി ജയൻ, കെ വി സുധീഷ്, കെ ബി ബിജു, പ്രമോദ് കുമാർ, ഷീബ, കൃഷ്ണൻ എന്നിവരും പ്ലാനിങ്‌ ഓഫിസ് റിസർച്ച് അസിസ്റ്റന്റ് കെ ജയചന്ദ്രനും വിജിലൻസ് സംഘത്തിൽ ഉണ്ടായി.

No comments