Breaking News

കെ ആർ ലതാഭായിക്ക് മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് കമ്പല്ലൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപികയാണ്


വെള്ളരിക്കുണ്ട് : കെ ആർ ലതാഭായിക്ക് ലഭിച്ച മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് അർഹതയ്‌ക്കുള്ള അംഗീകാരം. ജോലിചെയ്യുന്ന സ്കൂളിലെ സർവതല പ്രവർത്തനങ്ങളിലുമുള്ള നേതൃപരമായ ഇടപെടൽ ഈ അധ്യാപികയെ വ്യത്യസ്തയാക്കുന്നു. 1992ൽ അധ്യാപകവൃത്തിയിൽ പ്രവേശിച്ചതുമുതൽ കാസർകോട് ജില്ലയിലെ അടുക്കത്ത്ബയൽ, അഗസറഹോള, ചെർക്കള, പള്ളിക്കര തുടങ്ങിയ സ്കൂളുകളിൽ ജോലിചെയ്തു. നിലവിൽ കമ്പല്ലൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപികയാണ്.
ഇവിടെ ജൂനിയർ റെഡ്ക്രോസ് അനുവദിച്ചത് മുതൽ അതിന്റെ ക്യാപ്റ്റനാണ്‌. കുട്ടികളെ ജനകീയ പ്രവർത്തനങ്ങളിൽ താല്പര്യമുള്ളവരാക്കാൻ ശ്രദ്ധിക്കുന്നതോടൊപ്പം സ്കൂളും നാടും ശുചീകരിക്കുന്നതിനും പാലിയേറ്റീവ് പ്രവർത്തനങ്ങളിലും മുൻനിന്ന്‌ പ്രവർത്തിക്കുന്നു. ഹ്രസ്വ സിനിമകൾ നിർമ്മിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക, അവധി ദിനങ്ങളിൽ ഗൃഹസന്ദർശനം നടത്തി കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, പ്രത്യേക പരിഗണന വേണ്ട കുട്ടികളെ ഉയർത്തി കൊണ്ടുവരിക, സാമ്പത്തിക പരാധീനത ഉള്ളവർക്ക് സഹായം ചെയ്യുക തുടങ്ങീ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ടീച്ചറുടേതാണ്‌.
തൊഴിൽ പരിശീലനങ്ങൾ, ബോധവൽക്കരണം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ക്യാമ്പുകൾ, കലാരംഗത്തെ ഇടപെടലുകളും മികച്ചതാണ്.
പുസ്തകാസ്വാദനം, കവിതാരചന, നാടൻപാട്ട്, കഥയെഴുത്ത് എന്നിവയിൽ കുട്ടികളെ സംസ്ഥാന തലം വരെയെത്തിച്ചിട്ടുണ്ട്. പുതിയ പാഠ്യപദ്ധതിയുടെ മോഡൽ അവതരണം സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. പൊതു സമൂഹത്തിൽ ഇവരുടെ സാന്നിധ്യം സജീവമാണ്. അധ്യാപക ജീവിതത്തിൽ വേറിട്ട പ്രവർത്തനം കാഴ്ചവെയ്ക്കുന്ന ലതാഭായിക്ക് ലഭിച്ച അവാർഡ്‌ അർഹതയ്ക്കുള്ള അംഗീകാരം കൂടിയാണ്‌.
കണ്ണൂർ ജില്ലയിലെ കാളീശ്വരത്താണ്‌ ലതാഭായിയുടെ താമസം. ഭർത്താവ് : ചന്ദ്രൻ തായമ്പത്ത്( റിട്ട. ട്രഷറി ഓഫീസർ). മക്കൾ: ഹരിചന്ദന, നന്ദകിഷോർ ( വിദ്യാർഥികൾ).


No comments