Breaking News

തീവണ്ടിയിൽനിന്ന് തെറിച്ചുവീണ വിദ്യാർഥി മരിച്ചു


കാസര്‍കോട്: തീവണ്ടിയിൽനിന്ന് തെറിച്ചുവീണ വിദ്യാർഥി മരിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മംഗളൂരു പി.എ. എൻജിനിയറിങ് കോളേജ് വിദ്യാർഥിയും കൂത്തുപറമ്പിലെ സർക്കാർ ആസ്പത്രിക്ക് സമീപത്തെ ‘റീമാസിൽ’ മുഹമ്മദ്‌ റാഫിയുടെ മകനുമായ റനീം (18) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മംഗളൂരു-ചെന്നൈ മെയിലിൽനിന്നാണ് തെറിച്ചുവീണത്.

കൂടെ യാത്രചെയ്യുകയായിരുന്ന സുഹൃത്തുക്കൾ പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്നാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രാത്രി എട്ടോടെ കാസർകോട് ചൗക്കിയിലെ സി.പി.സി.ആർ.ഐ.യ്ക്കടുത്ത് കല്ലങ്കൈ പന്നിക്കുന്നിലെ കുറ്റിക്കാട്ടിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പള സ്റ്റേഷനിൽനിന്ന് തീവണ്ടി പുറപ്പെട്ടതിനുശേഷമാണ് വിദ്യാർഥിയെ കാണാതായത്. ഇത് ശ്രദ്ധയിൽ പെട്ട വിദ്യാർഥികൾ കാസർകോട് റെയിൽവേ പോലീസിനെ വിവരമറിയിച്ചു.വിദ്യാർഥികൾ നൽകിയ വിവരമനുസരിച്ച്

മൊഗ്രാൽപ്പുഴയ്ക്കും കാസർകോടിനുമിടയിലുള്ള ഭാഗത്താണ് വിദ്യാർഥി വീണതെന്ന സംശയത്തിൽ കാസർകോട് റെയിൽവേ പോലീസും കുമ്പള, കാസർകോട് പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും ഒപ്പം യാത്രചെയ്ത കൂട്ടുകാരും നാട്ടുകാരുടെ സഹായത്തോടെ റെയിൽപ്പാളത്തിലും പരിസരത്തെ കാടുകളിലും തിരച്ചിൽ നടത്തിയിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ വിദ്യാർഥിയുടെ മൊബൈൽഫോണിന്റെ ടവർ ലൊക്കേഷൻ കാണിച്ചത് ആദ്യം കാസർകോട്ടായിരുന്നുവെങ്കിലും പിന്നീട് മൊബൈൽ ഫോൺ ഓഫായതായി ആർ.പി.എഫ്. ഉദ്യോഗസ്ഥർ പറഞ്ഞു.

No comments