Breaking News

പൂരംകുളി നാളിലെ പരീക്ഷകൾ മാറ്റിവെച്ച് പ്രാദേശിക അവധി പ്രഖ്യാപിക്കണം : തിയ്യ മഹാസഭ


നീലേശ്വരം: വടക്കൻ മലബാറിൽ പ്രത്യേകിച്ച് കണ്ണൂർ, കാസർകോട് ജില്ലകളിൽ വിവിധ ആചാര, അനുഷ്ഠാനങ്ങളോടെ നടത്തി വരാറുള്ള പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂരംകുളി ദിവസമായ മാർച്ച് 23 ന് ഇരു ജില്ലകളിലും പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന് തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ്‌ ഗണേശൻ.ബി. അരമങ്ങാനം ആവശ്യപ്പെട്ടു. 

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ ഉള്ള വിവിധ പരീക്ഷകൾ, ഹയർസെക്കണ്ടറി പരിക്ഷകൾ എന്നിവ മാറ്റി വച്ച് ഈ ദിവസം പ്രാദേശിക അവധി നൽകാൻ സർക്കാർ തയ്യാറാകണം. പൂരോത്സവത്തിന്റെ ഭാഗമായി വിവിധ സമുദായ ക്ഷേത്രങ്ങളിൽ പൂരക്കളി, മറുത്തുകളി,ക്ഷേത്ര ആചാര പ്രകാരമുള്ള വിവിധ ചടങ്ങളും നടന്നു വരുന്നു.രാവിലെ മുതൽ രാത്രി വരെ നീണ്ടു നിൽക്കുന്ന ആചാര പ്രകാരമുള്ള വിവിധ ചടങ്ങുകളിൽ ആയിരകണക്കിന് ഭക്ത ജനങ്ങൾ ക്ഷേത്രങ്ങളിൽ എത്തുന്ന ദിവസമാണ് പൂരംകുളി നാൾ. ഈ ദിവസം പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന ആവിശ്യവുമായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസ്‌ലർ, കാസർകോട്, കണ്ണൂർ ജില്ലാ കലടർമാർ എന്നിവർക്ക് നിവേദനം അയച്ചതായും ഗണേശൻ ബി അരമങ്ങാനം അറിയിച്ചു.

No comments