Breaking News

മഞ്ഞുമ്മൽ ബോയ്സും 2018ഉം വഴിമാറി; ഒന്നാമൻ ഇനി ആടുജീവിതം, വേ​ഗത്തിൽ 100 കോടിയെത്തിയ സിനിമകൾ




മലയാള സിനിമയെ ഇന്ന് ഓരോ സിനിമാസ്വാദകരും അത്ഭുതത്തോടും അഭിമാനത്തോടും നോക്കി കാണുകയാണ്. ഒരുകലത്ത് ഏറെ വിദൂരമായിരുന്ന കോടി ക്ലബ്ബ് സിനിമകൾ വെറും പത്തും ഒൻപതും ​ദിവസത്തിൽ കൈക്കുള്ളിൽ ആക്കുന്നത് കൊണ്ടുതന്നെയാണ് അത്. വെറും കളക്ഷനിൽ മാത്രമല്ല കണ്ടന്റിലും ക്വാളിറ്റിയിലും മലയാള സിനിമ യാതൊരു വിട്ടു വീഴ്ചയും വരുത്തുന്നുമില്ല. അതുകൊണ്ട് തന്നെയാണ് ഇതരഭാഷക്കാർ വരെ മോളിവുഡ് പടങ്ങളെ ഏറ്റെടുക്കുന്നതും.

ഈ വർഷം നാല് ഹിറ്റുകളാണ് മലയാളത്തിന് ലഭിച്ചിരിക്കുന്നത്. ഒസ്ലർ തുടങ്ങി വച്ച വിജയ​ഗാഥ പ്രേമലു, ഭ്രമയു​ഗം, മഞ്ഞുമ്മൽ ബോയ്സ് വഴി എത്തി നിൽക്കുന്നത് ആടുജീവിതത്തിലാണ്. ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തിയ ചിത്രം റെക്കോർഡുകൾ ഭേദിച്ച് 100 കോടി ക്ലബ്ബിൽ എത്തുകയും ചെയ്തു. അതും റിലീസ് ചെയ്ത് വെറും ഒൻപത് ​ദിവസത്തിൽ.

ഈ അവസരത്തിൽ ഏറ്റവും വേ​ഗത്തിൽ നൂറ് കോടി ക്ലബ്ബ് തൊട്ട മലയാള സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഒന്നാമത് ആടുജീവിതം ആണ്. മോളിവുഡിലെ പണംവാരി പടങ്ങളിൽ മുന്നിലുള്ള 2018, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളെ പിന്നിലാക്കിയാണ് ആടുജീവിതത്തിന്റെ ഈ നേട്ടം.

പതിനൊന്ന് ദിവസത്തിലാണ് മൾട്ടി സ്റ്റാർ ചിത്രമായ 2018 നൂറ് കോടിയിൽ എത്തിയത്. തൊട്ട് പിന്നാലെ മഞ്ഞുമ്മൽ ബോയ്സും മോഹൻലാൽ ചിത്രമായ ലൂസിഫറും ഉണ്ട്. ഇരു സിനിമകളും പന്ത്രണ്ട് ദിവസത്തിലാണ് സെഞ്ച്വറി അടിച്ചത്. 2024ലെ സർപ്രൈസ് ഹിറ്റായ നസ്ലെൻ ചിത്രം 31 ദിവസം കൊണ്ട് ഈ നേട്ടം സ്വന്തമാക്കി അഞ്ചാം സ്ഥാനത്താണ്. 36 ദിവസത്തിൽ നൂറ് കോടി നേടി മോഹൻലാൽ സിനിമ പുലിമുരുകൻ ആറാം സ്ഥാനത്തും ഉണ്ട്.




No comments