Breaking News

രാഹുൽഗാന്ധി എസ്ഡിപിഐ പിന്തുണ വാങ്ങുന്നു ,തീവ്രവാദികളുമായി സന്ധി ചെയ്തു,ദേശീയതലത്തിൽ പ്രചരണം ശക്തമാക്കി ബിജെപി




ദില്ലി:രാഹുൽഗാന്ധി എസ്ഡിപിഐ പിന്തുണ വാങ്ങുന്നു എന്ന പ്രചാരണം ദേശീയതലത്തിൽ ശക്തമാക്കി ബിജെപി. തീവ്രവാദികളുമായി കോൺഗ്രസ് സന്ധി ചെയ്തെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആരോപിച്ചു. ബിജെപിയുടെ ധ്രുവീകരണ നീക്കം തല്ക്കാലം അവഗണിക്കാനാണ് എഐസിസി നേതാക്കൾക്കിടയിലെ ധാരണ.കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ കണ്ട മുസ്ലിം ലീഗ് പതാക വടക്കേ ഇന്ത്യയിൽ എൻഡിഎ പ്രചാരണ ആയുധമാക്കിയിരുന്നു. അമേഠിയിലെ രാഹുൽ ഗാന്ധിയുടെ പരാജയത്തിലും ഈ പ്രചാരണം ഒരു ഘടകമായിരുന്നു. സമാന ദൃശ്യങ്ങൾ ഇന്ന് വയനാട്ടിൽ ഒഴിവാക്കാൻ കോൺഗ്രസ് നേതാക്കൾ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്.

എന്നാൽ രാഹുൽ ഗാന്ധി മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിൽ മത്സരിക്കുന്നു എന്നത് ചർച്ചയാക്കാൻ എസ്ഡിപിഐ യുഡിഎഫിന് പിന്തുണ നല്കിയത് ആയുധമാക്കുകയാണ് ബിജെപി.. തീവ്രവാദികളുമായി കോൺഗ്രസ് ചേരുന്നു എന്ന് അമിത് ഷാ കർണ്ണാടകയിൽ പറഞ്ഞു. ഇന്ന് ബിജെപി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയും കേരളത്തിൻറെ ചുമതലയുള്ള പ്രകാശ് ജാവദേക്കറും ഈ ആരോപണം ആവർത്തിച്ചു.എസ്ഡിപിഐയുമായി ചർച്ച നടത്തിയിട്ടില്ലെന്നും ആരുടെ വോട്ടും വേണ്ടെന്ന് പറയില്ലെന്നുമാണ് കെപിസിസി നിലപാട്

ദേശീയ തലത്തിൽ ഈ വിഷയത്തിലും വെറുതെ കുരുങ്ങേണ്ട എന്നാണ് കോൺഗ്രസ് ആലോചന. എങ്കിലും മത്സരം വീണ്ടും ഹിന്ദു മുസ്ലിം ചർച്ചയിലേക്ക് എത്തിക്കാൻ ബിജെപി നോക്കുമ്പോൾ പ്രചാരണം അവഗണിച്ച് പോകാനും എഐസിസിക്ക് കഴിയില്ല

No comments