Breaking News

കേരളത്തെ ഇടത് സർക്കാർ മുടിപ്പിച്ചു, ഇനിയും കടമെടുത്താൽ എന്താകും സ്ഥിതി?; വി ഡി സതീശൻ




പത്തനംതിട്ട: ധനപ്രതിസന്ധിക്ക് മുഖ്യ ഉത്തരവാദി തോമസ് ഐസക്കെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി സർക്കാരിൻ്റെ മിസ് മാനേജ്മെൻ്റാണ് ധനപ്രതിസന്ധിക്ക് കാരണമായത്. നികുതി പിരിക്കുന്നതിലെ വീഴ്ചയും ദുർചെലവും അഴിമതിയുമൊക്കെയാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും കേരളത്തെ ഇടത് സർക്കാർ മുടിപ്പിച്ചുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രാചാരണത്തിനോടനുബന്ധിച്ച് പത്തനംതിട്ടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സർക്കാർ കഴുത്ത് ഞെരിച്ച് കൊന്നു. ഇനി കടം എടുക്കാൻ സർക്കാരിനെ അനുവദിച്ചാൽ എന്താകും സ്ഥിതി? റിസർവ്വ് ബാങ്കിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് പണം കടം കിട്ടുമായിരുന്നു. 9.72 ശതമാനം പലിശയ്ക്ക് മസാല ബോണ്ടെടുത്തു. പവന് 4000 രൂപ ഉണ്ടായിരുന്ന കാലത്തെ അതേ നികുതി തന്നെയാണ് ഇന്നും.14 ഇരട്ടി വില വർധിച്ചിട്ടും നികുതി വർധന ഇതുവരെ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


ബാറുകളുടെ എണ്ണം കൂടിയെങ്കിലും നികുതി വരുമാനം താഴേക്കാണ് പോയത്. 5,6,700 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും ഞാൻ വെല്ലുവിളിക്കുകയാണ്. കേരളത്തെ ഇടത് സർക്കാർ മുടിപ്പിച്ചു കഴിഞ്ഞെന്നും വി ഡി സതീശൻ ആരോപിച്ചു.

മാസപ്പടി വിവാദത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു, മാസപ്പടി നൽകിയ 12 സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ എന്തുകൊണ്ടാണ് മുഖ്യമന്ത്രി തുറന്ന് പറയാതിരുന്നത്. മറ്റ് പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്ക് ആളുകൾ എത്തിയാൽ അത് വാർത്തയാകുന്നില്ല. കേരള പൊലീസിൽ ആർ എസ് എസ് ഗ്യാങ്ങ് പ്രവർത്തിക്കുന്നതായി ആനി രാജ തന്നെ പറഞ്ഞിട്ടുണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു

No comments