Breaking News

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്: വിശദമായ അന്വേഷണത്തിന് സഹകരണ വകുപ്പ്, 2 മാസം കൊണ്ട് പൂര്‍ത്തിയാക്കും


കാസര്‍കോട്: കാറഡുക്ക സൊസൈറ്റി തട്ടിപ്പില്‍ സഹകരണ വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്ന് സംസ്ഥാന സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ കെ.ലസിത. സഹകരണ നിയമം വകുപ്പ് 65 പ്രകാരം അന്വേഷണത്തിന് ഉത്തരവിട്ടതായി  പറഞ്ഞു. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നൽകിയെന്നും അവര്‍ വ്യക്തമാക്കി. പ്രാഥമിക പരിശോധനയില്‍ 4.75 കോടിയില്‍ അധികം തട്ടിപ്പ് കണ്ടെത്തിയെന്നും സെക്രട്ടറി മാത്രമാണ് ഉത്തരവാദിയെന്നാണ് ആദ്യ നിഗമനമെന്നും പറഞ്ഞ അവര്‍ സൊസൈറ്റിയിലുള്ള സ്വര്‍ണ്ണമെല്ലാം കൃത്യമാണെന്ന റിപ്പോര്‍ട്ട് മാര്‍ച്ചില്‍ ലഭിച്ചിരുന്നുവെന്നും അത് സൊസൈറ്റി പരിശോധിക്കാതെ നല്‍കിയ റിപ്പോര്‍ട്ടാണെന്ന് വ്യക്തമാണെന്നും പറഞ്ഞു.



സിപിഎം നിയന്ത്രണത്തിലുള്ള കാസര്‍കോട് കാറഡുക്ക അഗ്രികൾചറിസ്‌റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ 4.76 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. പണം സൊസൈറ്റി സെക്രട്ടറി കര്‍മ്മംതൊടി സ്വദേശി കെ. രതീശന്‍ വയനാട്ടിലും ബംഗളൂരുവിലും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുകയായിരുന്നു. വയനാട്ടില്‍ സ്ഥലവും ബംഗളൂരുവില്‍ രണ്ട് ഫ്ലാറ്റുകളുമാണ് രതീശൻ വാങ്ങിയതെന്നാണ് വിവരം. മൂന്ന് വര്‍ഷം കൊണ്ടാണ് ഇയാൾ ഇത്ര വലിയ തട്ടിപ്പ് നടത്തിയതെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

തന്റെ മാതാപിതാക്കളുടേയും സഹോദരങ്ങളുടേയുമെല്ലാം പേരില്‍ വ്യാജ സ്വര്‍ണ്ണപ്പണയ ലോണ്‍ എടുത്താണ് രതീശൻ പണം തട്ടിയത്. കേരള ബാങ്കില്‍ നിന്ന് സൊസൈറ്റിക്ക് ലഭിച്ച ക്യാഷ് ക്രെഡിറ്റായ 1.90 കോടി രൂപയും ഇയാൾ തട്ടിയെടുത്തു. സൊസൈറ്റിയില്‍ പണയം വച്ച 42 പേരുടെ സ്വര്‍ണ്ണവുമായാണ് സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന രതീശന്‍ കടന്ന് കളഞ്ഞത്. ഏകദേശം 1.12 കോടി രൂപയുടെ സ്വര്‍ണ്ണമുണ്ടാകുമെന്നാണ് കണക്ക്. തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് സൊസൈറ്റി ഭരണസമിതിയുടെ നിര്‍ദേശപ്രകാരം ഇയാള്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. ഈ അവധിക്കാലത്താണ് സ്വര്‍ണ്ണം കടത്തിയത്. മൂന്ന് വര്‍ഷം തട്ടിപ്പ് നടത്തിയിട്ടും ഓഡിറ്റിംഗില്‍ അടക്കം കണ്ടെത്താതിരുന്നത് എന്തുകൊണ്ടാണെന്നും രതീശന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും അവധിയിലായിട്ടും ലോക്കര്‍ തുറന്ന് സ്വര്‍‍ണ്ണം കടത്താന്‍ എങ്ങനെ സാധിച്ചുവെന്നുമടക്കം ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ നിരവധിയാണ്.

No comments