Breaking News

പാണത്തൂർ - റാണിപുരം റോഡ് ടാറിംഗ് ഇളകി അപകടാവസ്ഥയിൽ കുണ്ടുപ്പള്ളിയിൽ റോഡ് കോൺക്രീറ്റ് ചെയ്ത് നാട്ടുകാർ


പാണത്തൂർ: ടാറിംഗ് ഇളകി അപകടാവസ്ഥയിലായി ഗതാഗതം തടസ്സപ്പെട്ട പാണത്തൂർ - റാണിപുരം റോഡിൽ കോൺക്രീറ്റ് ചെയ്ത് നാട്ടുകാർ. ഈ റോഡിൽ പലയിടത്തും ടാർ ഇളകി യാത്ര ദുഷ്കരമായിരുന്നു. ഇതുമൂലം വാഹനങ്ങൾക്ക് ഇത് വഴി സഞ്ചരിക്കുന്നത് ഒഴിവാക്കിയിരുന്നു. ഒരു സ്വകാര്യ കമ്പനി  പാണത്തൂർ മുതൽ റാണിപുരം വരെ കേബിൾ ഇടുന്നതിനായി റോഡരികിൽ ജെസിബി ഉപയോഗിച്ച്  കുഴിഎടുത്തതാണ് ടാറിങ്ങ് ഇളകി റോഡ് നശിക്കാൻ കാരണമായത്. ഇതിന് നഷ്ടപരിഹാരമായി കേബിൾ കമ്പനി 46 ലക്ഷം രൂപ പനത്തടി ഗ്രാമ പഞ്ചായത്തിൽ അടച്ചിരുന്നു. ഈ തുക ഉപയോഗിച്ച് കലുങ്കിൻ്റേയും,ഓടയുടേയും പണികൾ പൂർത്തീകരിച്ചു എങ്കിലും കരാറുകാരൻ റീ ടാറിങ്ങ് ചെയ്തിരുന്നില്ല. ഇതാണ് റോഡ് നശിച്ച് ഗതാഗത തടസ്സപ്പെടാൻ കാരണമായത്. ഈ റോഡിൽ ടാർ ഇളകി ഏറ്റവും കൂടുതൽ റോഡ് നശിച്ച കുണ്ടുപ്പള്ളി വളവിന് താഴെയുള്ള കയറ്റമാണ് നാട്ടുകാർ കോൺക്രീറ്റ് ചെയ്ത് ഗതാഗത മാക്കിയത്. വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്കുള്ള ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ളവരുടെ നിരവധി വാഹനങ്ങളാണ് റോഡ് സഞ്ചാര യോഗ്യമല്ലാത്തതിനാൽ ഇവിടെയെത്തി തിരിച്ച് പോകുന്നത്. എംകെ സുരേഷ്, എംഎം കുഞ്ഞിരാമൻ, എംകെ സുകുമാരൻ, ശശി എംകെ, പി ബാബു, രാജേഷ് പിഎം, മനോജ്, സുരു, കുമാരൻ രാധാകൃഷ്ണൻ പികെ, ബാലകൃഷ്ണൻ എം കെ, സിനോജ് തോമസ്, രാധാകൃഷ്ണൻ പികെ കുട്ടിനായക്ക്, രഞ്ജിത് രാമൻ എന്നിവർ നേതൃത്വം നൽകി.

No comments