Breaking News

മലയോരത്തിന് അഭിമാനമായി കടുമേനി സ്വദേശിനി ലിജിനയുടെ കവിത "പട്ടയക്കള്ളാത്ത് " കേരള സർവകലാശാല ബി എ മലയാളം പാഠ്യ പദ്ധതിയിൽ


കേരള സര്‍വകലാശാല ബി എ മലയാളം പാഠ്യ പദ്ധതിയിൽ ലിജിന കടുമേനിയുടെ പട്ടയക്കള്ളാത്ത് എന്ന ഗോത്രഭാഷയിലെ കവിതയും. ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനി സർക്കാരിയ ഊരിലെ ലിജിന കടുമേനി എന്ന എഴുത്തുകാരിയുടെ എല്ലാ രചനകളും തന്റെ ഗോത്ര വിഭാഗത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. സർക്കാരിയ ഊരിലെ കർഷകത്തൊഴിലാളിയായ കുഞ്ഞിരാമന്റെയും ലക്ഷ്മിയുടെയും മകളാണ് ലിജിന. കടുമേനി എസ്എൻഡിപി എയുപി സ്കൂൾ, കടുമേനി സെന്റ് മേരീസ് ഹൈസ്കൂൾ, പരവനടുക്കം എംആർഎസ് എന്നിവിടങ്ങളിലായിരുന്നു ഹയർസെക്കൻഡറി വരെ പഠിച്ചത്. പിന്നീട് കംപ്യൂട്ടർ കോഴ്സ് കഴിഞ്ഞ് മുന്നാട് പീപ്പിൾസിൽ നിന്ന് ജെഡിസും പഠിച്ച് ഇപ്പോൾ തേർത്തല്ലി വനിത സഹകരണ സംഘത്തിൽ സെക്രട്ടറിയായി ജോലിചെയ്യുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോഴേ ചെറുകഥകളും കവിതകളും എഴുതുമായിരുന്നു. യുവജനോത്സവങ്ങളിലെല്ലാം സമ്മാനങ്ങളും ലഭിക്കും. പിന്നീട് ലോക്ഡൗൺ കാലത്താണ് ഗോത്ര കവിതയിലേക്ക് തിരിഞ്ഞത്. അന്ന് എസ്ടി പ്രമോട്ടറായ അമ്മ ലക്ഷ്മി ഓരോ ഊരിലേയും അനുഭവങ്ങൾ വീട്ടിൽ വന്ന് പങ്കുവെക്കുമ്പോൾ അവരുടെ പ്രശ്നങ്ങൾ പുറംലോകം അറിയണമെന്നും അതിന് വഴി കവിതയാണ് എന്നും തീരുമാനിക്കുകയായിരുന്നു. അങ്ങിനെ പിറന്ന കവിതകളാണ് സംവരണം, സ്ത്രീകളുടെ ജീവിതവുമായി ബന്ധപ്പെട്ട് പേറ്റുനോവ്, സുരത്ത് എന്നിവ. തുടക്കത്തിൽ ഫെയ്സ് ബുക്കിലെ തിമിഴ് കൂട്ടായ്മയിലാണ് പല രചനകളും പുറംലോകം കണ്ടത്. ഗോത്ര ഭാഷയിലെ ആദ്യ കവിത 'കൊറോണ' ആണ്. പലതും സോഷ്യൽമീഡിയ ഏറ്റെടുത്ത് വൈറലാക്കിയതോടെ എഴുത്തുകാരും ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ എഴുത്തുകാരനായ പി രാമൻ മാസ്റ്റർ ആണ് ഡിസി ബുക്ക് വഴി തന്റെ കവിതയെ പുസ്തക രൂപത്തിൽ ആക്കിയത്. തന്റെ തന്നെ കവിതാ സമാഹാരമായ മയിലരസം,  ഡിസി ബുക്കിന്റെ കവിതാസമാഹാരത്തിൽ 5 കവിതകൾ, ഗോത്ര പെൺകവിത സമാഹാരത്തിൽ 5 കവിത തുടങ്ങി നിരവധി കവിതകൾ പുറത്തിറങ്ങി. കേരള സർവകലാശാല പാഠഭാഗത്തിൽ ഉൾപ്പെടുത്തിയ പട്ടയക്കള്ളാത്ത് തമിഴ് എഴുത്തുകാരൻ നിർമ്മാല്യമണി പഴംകുടി കവിതകൾ തമിഴ് സമാഹാരത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ഇംഗ്ലീഷിൽ പുറത്തിറക്കിയ ലോകസാഹിത്യ കൃതിയിലെ 60 ഗോത്ര കവിതകളിൽ 4 കവിത ലിജിനയുടേതാണ്. ഹിന്ദി കവിതാ സമാഹാരത്തിലും 4 കവിത സ്ഥാനം പിടിച്ചു. നിരവധി പിഎച്ച്ഡി വിദ്യാർഥികളും ഇവരുടെ കവിതകളെ പഠന വിധേയമക്കുന്നുണ്ട്. തിരുവനന്തപുരം വിനിമയ വിമെൻ ഓഫ് ലെറ്റേസിന്റെ വുമൺ ഓഫ് ദ ഇയർ 2024 പുരസ്കാരം ലിജിന കടുമേനിക്കാണ്. തേർത്തല്ലി കുണ്ടേരിയിലെ കൂലിതൊഴിലാളിയായ ഷിജൻ ആണ് ഭർത്താവ്. സഹോദരൻ ലിഗേഷ്.


No comments