Breaking News

മലയോരത്തെ മലനിരകളെ സംരക്ഷിക്കാൻ നാടൊന്നാകെ അണിചേരുന്നു 21 ന് വെള്ളരിക്കുണ്ടിൽ പ്രകടനവും പൊതുയോഗവും


വെള്ളരിക്കുണ്ട്‌: വെള്ളരിക്കുണ്ട് താലൂക്കിലെ മലനിരകൾ മറ്റൊരു വയനാടാവാതിരിക്കാൻ മലയോര ജനത കൈകോർക്കുന്നു. 

വെള്ളരിക്കുണ്ട്‌  മുണ്ടക്കൈയിൽ നിന്ന് അകലെയല്ല. വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ദുരന്തത്തിൻ്റെ ഞെട്ടലിൽ നിന്ന് നമ്മൾ ഇനിയും മുക്തമായിട്ടില്ല. അതിശക്തമായ  മഴയിൽ ഒരു മല തന്നെ പൊട്ടിത്തെറിക്കുകയും കല്ലും മണ്ണും വൃക്ഷങ്ങളും അതീശീഘ്രം കിലോമീറ്ററുകൾക്കപ്പുറത്തേക്ക് പാഞ്ഞു പോകുകയും ചെയ്തപ്പോൾ ആ വഴിക്കുള്ള സകലതും തുടച്ചു നീക്കപ്പെട്ടത് നമ്മൾ കണ്ടു. മലമുകളിലോ പാർശ്വങ്ങളിലോ താമസിക്കുന്നവർ മാത്രമല്ല താഴ് വാരത്ത് സമതലങ്ങളിൽ താമസിക്കുന്നവർ പോലും സുരക്ഷിതരല്ലാത്ത സാഹചര്യമുണ്ടായിരിക്കുന്നു. അതിവൃഷ്ടിയെ നമ്മുക്ക് പഴിക്കാം. പക്ഷെ അതിവൃഷ്ടിയുണ്ടാവുമ്പോൾ മലകൾ പൊട്ടിത്തെറിക്കത്തക്ക വിധത്തിൽ നമ്മുടെ മലയോരങ്ങളിൽ നിരന്തരം ആഘാതങ്ങൾ ഉണ്ടാക്കുന്നത് ശരിയാണോ എന്നാലോചിക്കണം. മുണ്ടക്കൈയും പുത്തുമലയും സമീപ പ്രദേശങ്ങളാണ്. പുത്തുമലയിൽ ഏതാനും വർഷം മുമ്പ് ഉരുൾപൊട്ടിയപ്പോൾ ആ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന നിരവധി കരിങ്കൽ ക്വാറികളെക്കുറിച്ചുള്ള വാർത്തകൾ നമ്മൾ ശ്രദ്ധിച്ചിരുന്നു. മുണ്ടക്കൈയിൽ നിന്ന് ഏറ്റവും അടുത്ത ക്വാറിയിലേക്ക് പത്തു കിലോമീറ്ററിലധികം ദൂരമുണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ അവിശ്വസിക്കുന്നില്ല.എന്നാൽ ഏരിയൽ സിസ്റ്റൻസ് ഒന്നര കിലോമീറ്ററെയുള്ളു എന്ന വാദഗതിയും നമ്മുടെ മുന്നിലുണ്ടു്. ക്വാറികളിൽ നിന്നുള്ള ദൂരം പത്തു കിലോമീറ്ററാണോ ഒന്നര കിലോമീറ്ററാണോ എന്നതല്ല പ്രശ്നം. ക്വാറികളിൽ നടക്കുന്ന വൻതോതിലുള്ള നിരന്തര സ്ഫോടനങ്ങൾ പാറക്കെട്ടുകളിൽ പ്രകമ്പനമുണ്ടാക്കുന്നുണ്ടു്. ഈ പ്രകമ്പനങ്ങൾ പാറക്കെട്ടും അതിനു മുകളിലുളള മൺപാളിയും തമ്മിലുള്ള പിടുത്തത്തെ ബാധിക്കുന്നു. മാത്രമല്ല നിരന്തരസ്ഫോടനങ്ങൾ മൂലം പാറക്കെട്ടുകളുടെ സ്വഭാവമനുസരിച്ച് അതിൽ വലിയ വിളളലുകൾ ഉണ്ടാവുന്നു. വിണ്ടുകീറിയ പാറക്കെട്ടുകൾ മണ്ണിനടിയിലാണെന്നതിനാൽ തൽക്കാലം ചിതറിത്തെറിക്കുന്നുണ്ടാവില്ല. മുകളിലെ മണ്ണ് മാറ്റിയ ക്വാറിയിലെ പാറക്കെട്ടു മാത്രമാവും ചിതറിത്തെറിക്കുക. ഇത്തരമൊരു മേഖലയിൽ അതിവൃഷ്ടിയുണ്ടാവുമ്പോൾ പാറക്കെട്ടുകളുടെ വിള്ളലുകളിൽ വെള്ളം നിറയും, പാറക്കെട്ടും മൺ പാളിലും തമ്മിൽ പിടുത്തം വിട്ടിരുന്ന ഭാഗത്ത് ചെളിയാവും ഒരു ഘട്ടമെത്തുമ്പോൾ വെള്ളത്തിൻ്റെയും ചെളിയുടെയും സമ്മർദ്ദം താങ്ങാനാവാതെ പാറക്കെട്ടുകളും മണ്ണം വൃക്ഷങ്ങളുമെല്ലാം ശക്തിയോടെ താഴേയ്ക്ക് പൊട്ടിയൊലിക്കുന്നു. മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതിൻ്റെ ദൃശ്യം കാണുന്ന സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാക്കാവുന്ന കാര്യമാണിത്.   ഇനി നമ്മുക്ക് വെള്ളരിക്കുണ്ടിലേക്കു് വരാം.ഗാഡ്ഗിൽ റിപ്പോർട്ടിലും കസ്തൂരി രംഗൻ റിപ്പോർട്ടിലുമൊന്നും കാസർഗോഡ് ജില്ലയിൽ പരിസ്ഥിതി ലോല പ്രദേശങ്ങളില്ലാത്തതിൽ നമ്മൾ സന്തോഷിച്ചു.ഈയൊരു ഒഴിവു് തന്നെയാണ് മറ്റ് ജില്ലകളിൽ നിന്ന് ക്വാറി മാഫിയയെ ഈ ജില്ലയിലേക്ക് ആകർഷിക്കുന്നതും.കാസർഗോഡ് ജില്ലയുടെ മലയോര താലൂക്കായ വെള്ളരിക്കുണ്ടിലാണ് പാറക്കെട്ടുകൾ നിറഞ്ഞ മലകളുള്ളത് എന്നതിനാൽ ക്വാറിക്കാരെല്ലാം ഈ താലൂക്കിൽ വന്ന് സ്ഥലമെടുക്കുന്നു. താലൂക്കിൽ76 സ്ഥലങ്ങളിൽ ഇങ്ങനെ ക്വാറിക്കായി സ്ഥലങ്ങൾ വാങ്ങിയിട്ടുണ്ടെന്നറിയുന്നു. നിലവിൽ ഈ താലൂക്കിൽ പ്രവർത്തിക്കുന്ന വൻകിട ക്വാറികൾക്ക് പുറമേയാണിത്. ക്വാറികൾക്കായുള്ള അനുമതി തേടിയുള്ള നിരവധി അപേക്ഷകൾ അധികൃതരുടെ മുന്നിൽ ദിനവും വന്നു കൊണ്ടുമിരിക്കുന്നു. അഴിമതിയുടെ പ്രതീകമായ കാര ഗോഡ്ജില്ലാ ജിയോളജി അനുബന്ധ ഡിപ്പാർട്ട്മെൻ്റ്കൾ എല്ലാ തടസ്സങ്ങളും പരിഹരിച്ചു നൽകുന്ന ഭൂമാഫിയകളുടെ കൈയ്യാളുകളായി പ്രവർത്തിക്കുന്നു...ചിലയിടങ്ങളിൽ അനുമതി കൊടുക്കുന്നതിനെതിരെ ശക്തമായ സമരങ്ങൾ നടക്കുന്നു .കാരാട്ടും, വടക്കാംകുന്നിലും, പടയം കല്ലിലും, മുടന്തേൻപാറയിലും, പാമത്തട്ടിലും എല്ലാം വമ്പിച്ച പ്രതിഷേധത്തിലാണ് ജനങ്ങൾ. പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറികളിൽ ജനങ്ങൾക്ക് ഏറ്റവും ഭീക്ഷണികൾ ഉയർത്തുന്നത് മുത്തപ്പൻ മലയിലെ ക്വാറികളാണ്. അവിടെയുണ്ടായിരുന്ന രണ്ടു് ക്വാറികളിൽ ഒന്നാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. വലിയ വെള്ളക്കെട്ട് ആ പ്രദേശത്ത് രൂപപ്പെട്ടതായി വാർത്തയുണ്ട്. കൂറ്റൻ പാറക്കല്ല് കളളാർ, ചുള്ളി വശത്തേക്ക് ഉരുണ്ടത് അടുത്ത ദിവസമാണ്.30 വർഷമായി പ്രവർത്തിക്കുന്ന രണ്ടു ക്വാറികളിലും ഇതിനോടകം നടന്നിട്ടുള്ള സ്ഫോടനങ്ങളുടെ ഫലമായി നമ്മുക്ക് ഇപ്പോൾ നേരിട്ടു് കാണാനാവാത്ത മുമ്പു് സൂചിപ്പിച്ചതു പോലുള്ള മാറ്റങ്ങൾ മണ്ണിനടിയിൽ വന്നിട്ടുണ്ടാവും. മുണ്ടക്കൈയിലെ പോലെ ഒരു അതിവൃഷ്ടി എവിടെയുമുണ്ടാവാം. അങ്ങനെയൊന്ന് മുത്തപ്പൻ മലയിലും ബളാലിലുമുണ്ടായാൽ നാശങ്ങളുണ്ടാവുക ബളാലിൽ മാത്രമാവില്ല സുഗന്ധഗിരിപ്പുഴ എന്നു വിളിക്കുന്ന വെള്ളരിക്കുണ്ട് ടൗണിലൂടെ ഒഴുകുന്ന തോടിൻ്റെ ഉദ്ഭവമേഖലയായ മുത്തപ്പൻ മല മുതൽ വെള്ളരിക്കുണ്ട്., ബീമനടി, കുന്നുംകൈ തുടങ്ങി ആ തോടൊഴുകുന്ന ഇടങ്ങളിലൂടെയെല്ലാം ദുരന്തത്തിൻ്റെ മരണപാച്ചിലുണ്ടാവും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാഗ്രഹിക്കുമ്പോഴും അങ്ങനെ സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാവണമെന്ന് വയനാട് ദുരന്തം നമ്മെ താക്കീത് ചെയ്യുന്നു .ഈ താക്കീത് ജനങ്ങളും ഭരണ സംവിധാനങ്ങളും മുഖവിലക്കെടുക്കണം. ഇല്ലെങ്കിൽ നാം ഒറ്റകെട്ടായി അതിനായി ഇറങ്ങണമെന്നും ഇക്കാര്യം ജനങ്ങളുടെയും അധികാരികളുടെയും ശ്രദ്ധയിൽ കൊണ്ടുവരാൻ ആഗസ്റ്റ് 21 ന് രാവിലെ പത്തു മണിക്ക് വെള്ളരിക്കുണ്ടു് ടൗണിൽ പ്രകടനവും പൊതുയോഗവും താലൂക്ക് ഓഫീസിൽ നിവേദന സമർപ്പണവും നടത്തുമെന്നും സംഘാടക സമിതി അറിയിച്ചു നിവേദനത്തിൽ ഞങ്ങൾ ആവശ്യപ്പെടുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ് 1 ) മുത്തപ്പൻ മലയിലെ ക്വാറിയുടെ പ്രവർത്തനാനുമതി റദ്ദുചെയ്യുക 2) വെള്ളരിക്കുണ്ടു് താലൂക്കിൻ്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേക തകൾ സംബന്ധിച്ച വിദഗ്ദ ഭൗമപഠനം നടത്തുക. അതു വരെ പുതിയ ക്വാറികൾ പ്രവർത്തനമാരംഭിക്കാനുള്ള എല്ലാ നീക്കങ്ങളും നിർത്തിവയ്ക്കുക. അപ്പോൾ ഒരു ചോദ്യമുയരും, വികസന പ്രവർത്തനങ്ങൾക്ക് നിർമ്മാണമേഖലയ്ക്ക് കല്ല് വേണ്ടെ? ഉത്തരമുണ്ടു്, കാസർഗോഡ് ജില്ലയിൽ പരിസ്ഥിതി ലോല മേഖലയായി നിർണ്ണയിച്ചിട്ടുള്ള പ്രദേശങ്ങളില്ലായെന്നു കരുതി കേരളത്തിലെ എല്ലാ ക്വാറി മുതലാളിമാർക്കും ഇവിടെ കയറി നിരങ്ങാൻ അനുവദിക്കണമോ.കേരളത്തിലെ നാഷണൽ ഹൈവേ ഉൾപ്പെടെയുള്ള റോഡു നിർമ്മാണത്തിനും കെട്ടിട നിർമ്മാണത്തിനുമുള്ള മൊത്തം കല്ലു് വെള്ളരിക്കുണ്ടു് താലൂക്കിൽ നിന്ന് പൊട്ടിച്ചെടുക്കാൻ അനുവദിക്കണമോ? അതിനായി നമ്മുടെ ജീവിതം കുരുതി കൊടുക്കണോ? ഖനനം പൊതുമേഖലയിലാക്കാമെന്നാണ് ഇപ്പോൾ കേരളം ഭരിക്കുന്നവരുടെ തിരഞ്ഞെടുപ്പു വാഗ്ദാനം. അപകടരഹിതമായി ക്വാറി നടത്താൻ പറ്റാവുന്നിടത്ത് സർക്കാർ ക്വാറി നടത്തട്ടെ.18 ലക്ഷം വീടുകൾ ആളു താമസമില്ലാതെ അടച്ചിട്ടിരിക്കുന്ന കേരളത്തിൽ വീടു നിർമ്മാണത്തിന് നിയന്ത്രണം കൊണ്ടു വരട്ടെ. പറമ്പുകളിലെ ഒറ്റക്കല്ലുകൾ അതാതിടങ്ങളിലെ കെട്ടിട നിർമ്മാണത്തിന് പൊട്ടിച്ചെടുക്കാൻ (സ്വന്തം ആവശ്യത്തിന്) അനുമതി നൽകട്ടെ. ചെറിയ മൊബൈൽ ക്രഷർ യൂണിറ്റുകൾ മുമ്പുണ്ടായിരുന്നതാണല്ലോ. ഡാമുകളിൽ നിന്നും, പഠനം നടത്തിയ ശേഷം മാത്രം നദികളിൽ നിന്നും മണൽ വാരാവുന്നിടത്തു  നിന്നും മണൽവാരട്ടെ. ഇതൊന്നും തികഞ്ഞില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ റയിൽവേ കടന്നു പോകുന്ന സമതലങ്ങളിൽ നിന്ന് കല്ല് കൊണ്ടുവരാൻ ഇതര സംസ്ഥാന സർക്കാരുകളുമായി കേരള സർക്കാർ ധാരണയിലെത്തട്ടെ. തിന്നാനുള്ളതും കല്ലൊഴികെയുള്ള നിർമ്മാണ സാമഗ്രികളും അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരാമെങ്കിൽ കല്ലുമാകാം . മേൽ സൂചിപ്പിച്ച ആവശ്യങ്ങളുന്നയിച്ച് ആഗസ്റ്റ് 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയിലും തുടർന്നുള്ള നീക്കങ്ങളിലും ഈ നാടിൻ്റെ സുരക്ഷിതത്വത്തിൽ താൽപ്പര്യമുള്ള മുഴുവനാളുകളുടെയും സഹകരണം അഭ്യർത്ഥിക്കുകയാണ് 

സംഘാടക സമിതിക്കു വേണ്ടി, സുരേഷ് മാലോം, ജോർജ്ജ് തോമസ്.

No comments