മത്സരച്ചൂടിലും സൗഹൃദം കൈവിടാതെ കോടോംബേളൂർ മയ്യങ്ങാനത്തെ സ്ഥാനാർത്ഥികൾ..
അട്ടേങ്ങാനം: നാമനിർദ്ദേശപത്രിക സമർപ്പണത്തിന് ശേഷം സ്ഥാനാർത്ഥികൾ വോട്ട് അഭ്യർത്ഥനയുടെ തിരക്കിലാണ്. വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥന നടത്തുകയാണ് സ്ഥാനാർത്ഥികൾ. പല വാർഡുകളിലും മുന്നണികൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. മത്സരത്തിന് ചൂടിൽ ആണെങ്കിലും കോടോം ബേളൂരിലെ ഒരേ വാർഡിലെ രണ്ട് മുന്നണിയിലെ സ്ഥാനാർത്ഥികൾ നേരിട്ട് കണ്ടുമുട്ടിയപ്പോൾ പരസ്പരം സൗഹൃദം പങ്കിട്ടു.
കോടോം ബേളൂർ പഞ്ചായത്തിലെ വാർഡ് 12 മയ്യങ്ങാനത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായ ടി.വി. ജയചന്ദ്രനും ഇതേ വാർഡിലെ ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്) സ്ഥാനാർത്ഥി സിബി മേക്കുന്നേലും ആണ് കോടോം ബേളൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ച് കണ്ടുമുട്ടിയപ്പോൾ ഹസ്തദാനം നൽകി സൗഹൃദം പങ്കിട്ടത്. രാഷ്ട്രീയം വേറെ സൗഹൃദം വേറെ എന്നതാണ് ഇവരുടെ നിലപാട്. എൽ.ഡി.എഫിൻ്റെ പ്രസിഡണ്ട് സ്ഥാനാർത്ഥിയാണ് ജയചന്ദ്രൻ. മറ്റ് ചില സ്ഥാനാർത്ഥികളും നേതാക്കളും കൂടെയുണ്ടായിരുന്നു.
No comments