Breaking News

തെരഞ്ഞെടുപ്പിന് മുന്നേ വിജയം ഉറപ്പിച്ച സ്ഥാനാര്‍ത്ഥികള്‍...കാസർകോട് മുസ്ലീംലീഗ് സ്ഥാനാർത്ഥിക്കും എതിരാളികളില്ല



കണ്ണൂര്‍/ കാസർകോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പത്രിക സമർപ്പണം പൂർത്തിയായപ്പോൾ എതിരാളികള്‍ ഇല്ലാതെ തെരഞ്ഞെടുപ്പിന് മുന്നേ വിജയം ഉറപ്പിച്ചിരിക്കുകയാണ് ചില സ്ഥാനാര്‍ത്ഥികള്‍. കണ്ണൂരില്‍ ആറ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും കാസർകോട് മുസ്ലീംലീഗ് സ്ഥാനാർത്ഥിക്കും എതിരാളികളില്ല. ഔദ്യോഗികമായി വിജയികളായി പ്രഖ്യാപിക്കാന്‍ ചില സാങ്കേതികത്വം മാത്രമേ ബാക്കി ഉള്ളൂ. കണ്ണൂരില്‍ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍ എതിരാളിയുടെ പത്രിക തള്ളിയതോടെ രണ്ട് സ്ഥാനാര്‍ത്ഥി കൂടി തെരഞ്ഞെടുപ്പിന് മുമ്പേ ജയം ഉറപ്പിച്ചു

'എതിരാളികളില്ലാതെ' ജയിച്ചുതുടങ്ങി എൽഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോൾ കണ്ണൂർ ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ രണ്ട് വാർഡുകളിലും, കണ്ണപുരം പഞ്ചായത്തിലെ രണ്ട് വാർഡുകളിലും സിപിഎമ്മിന് എതിരാളികളില്ല. ആന്തൂരിലെ മൊറാഴ (രണ്ടാം വാര്‍ഡ്), പൊടിക്കുണ്ട് (19-ാം വാര്‍ഡ്) വാർഡുകളിലാണ് യുഡിഎഫിൻ്റെയും ബിജെപിയുടെയും സ്ഥാനാർത്ഥികളും സ്വതന്ത്രരും പത്രിക നൽകിയില്ല. മോറാഴയിൽ കെ രജിതയും പൊടിക്കുണ്ടിൽ കെ.പ്രേമരാജനുമാണ് പത്രിക നൽകിയത്. മറ്റൊരു വാർഡിൽ ബിജെപി സ്ഥാനാർത്ഥിയുണ്ട്.

മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ 5,6 വാർഡുകളിലാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ലാത്തത്. മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 5-ാം വാര്‍ഡില്‍ ഐ വി ഒതേനനും 6-ാം വാര്‍ഡില്‍ സി കെ ശ്രേയയുമാണ് എതിരില്ലാതെ വിജയം ഉറപ്പിച്ചത്. കണ്ണപുരം ഗ്രാമപഞ്ചായത്തിലെ 14 ഉം 13 വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ല. കണ്ണപുരം ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ പി വി രേഷ്മയും 13-ാം വാര്‍ഡില്‍ രീതി പിയുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സൂക്ഷ്മ പരിശോധനയിൽ യുഡിഎഫ് സ്ഥാനാർത്ഥി എൻ എ ഗ്രേസിയുടെ പത്രിക തള്ളിയതോടെ, കണ്ണൂർ കണ്ണപുരം പഞ്ചായത്തിൽ പത്താം വാർഡിൽ എൽഡിഎഫിലെ പ്രേമ സുരേന്ദ്രന് എതിരല്ല. മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡിലെ കൊവുന്തലയില്‍ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ഷിഗിനയും എതിരില്ലാതെ വിജയിച്ചു.

No comments