റാണിപുരം പുൽമേട്ടിൽ പതിവ് തെറ്റാതെ ആനക്കൂട്ടം; ട്രെക്കിങ് മുടങ്ങി
രാജപുരം : റാണിപുരം വിനോദസഞ്ചാരമേഖലയിലെ പുൽമേട്ടിൽ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിട്ട് രണ്ട് ദിവസമാകുന്നു. വെള്ളിയാഴ്ചയും അയൽസംസ്ഥാനങ്ങളിൽനിന്നടക്കമെത്തിയ സഞ്ചാരികൾ െട്രക്കിങ് നടത്താനാകാതെ മടങ്ങി.
ആനക്കൂട്ടം അവിടെനിന്ന് ഒഴിഞ്ഞുപോയില്ലെങ്കിൽ വരുംദിവസങ്ങളിലും ട്രെക്കിങ് മുടങ്ങും. ഇത് സഞ്ചാരികളുടെ വരവിനെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ഹോംസ്റ്റേ- സർവീസ് വില്ല നടത്തിപ്പുകാർ. കഴിഞ്ഞ ദിവസം രാവിലെയാണ് സഞ്ചാരികൾ കടന്നുപോകുന്ന നടപ്പാതയ്ക്ക് സമീപം കാട്ടാനക്കൂട്ടത്തെ കണ്ടത്.
തുടർന്ന് മാനിമല മുകളിലേക്കുള്ള വ്യാഴാഴ്ചത്തെ ട്രെക്കിങ് നിർത്തിവെച്ചു. വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലും ആനക്കൂട്ടം പുൽമേട്ടിലുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇതോടെ സഞ്ചാരികൾക്കുള്ള ട്രെക്കിങ് വെള്ളിയാഴ്ചയും നിർത്തിെവച്ചു.
ഒരു കൊമ്പനടക്കം അഞ്ച് ആനകളാണ് പുൽമേട്ടിലുള്ളത്. അതുകൂടാതെ ഈ മേഖലയിൽ വേറെയും ആനക്കൂട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.നല്ല രീതിയിൽ കാറ്റ് വീശുന്നതാകാം കാട്ടാനക്കൂട്ടം വനത്തിനകത്ത് കയറാതെ പുൽമേട്ടിൽ നിൽക്കുന്നതിന് കാരണമെന്നും ആനക്കൂട്ടം അവിടെനിന്നും മാറിയാൽ മാത്രമേ സഞ്ചാരികൾക്ക് പ്രവേശനം ഉറപ്പാക്കാനാകൂവെന്നും വനസംരക്ഷണസമിതി പ്രസിഡന്റ് എസ്.മധുസൂദനൻ പറഞ്ഞു.വലിയ തോതിൽ കോടമഞ്ഞുള്ളതിനാൽ ആനക്കൂട്ടം തൊട്ടടുത്തുണ്ടെങ്കിലും കാണാൻ പ്രയാസമാണ്. അതിനാൽ, സഞ്ചാരികളെ കയറ്റിവിട്ടാൽ അപകട സാധ്യത കൂടുതലാണ്.അതുകൂടി പരിഗണിച്ചാണ് ട്രെക്കിങ്ങിന് നിയന്ത്രണമേർപ്പെടുത്തിയത്
No comments