ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് രഞ്ജിത്ത്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് സംവിധായകൻ രഞ്ജിത്. ബംഗാളി നടിയുടെ ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ രഞ്ജിത് രാജിവക്കണമെന്ന മുറവിളികൾ ശക്തമായിരുന്നു. സത്യം പുറത്ത് വരുമെന്ന് രഞ്ജിത്ത് രാജി സന്ദേശത്തിൽ പറയുന്നു. അൽപസമയത്തിന് മുൻപ് എഎംഎംഎ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചിരുന്നു.ബംഗാളി നടിയായ ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര മാധ്യമങ്ങളോട് പറഞ്ഞു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രജ്ഞിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. വൈകീട്ട് അണിയറപ്രവർത്തകർക്കായി പാർട്ടിയുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. നിർമാതാവാണ് ക്ഷണിച്ചത്. ഇവിടെ വെച്ച് തൻറെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയിൽ തൊട്ടു, വളകൾ പിടിച്ചു. അത് വളരെ പ്രയാസമുണ്ടാക്കി.
No comments