പാണത്തൂർ പുല്ലെടുക്കത്ത് റബർ പുകപ്പുര കത്തി നശിച്ചു ; റബർ ഷീറ്റുകൾ മോഷണം നടത്തിയതിന് ശേഷം തീയിട്ടതാണെന്ന് സംശയം
പാണത്തൂർ: പാണത്തൂർ പുല്ലടുക്കത്ത് റബർ പുകപ്പുര കത്തിനശിച്ച നിലയിൽ. പുല്ലടുക്കത്തെ മീനാക്ഷി ശ്രീധരൻ്റെ റബ്ബർ പുകപ്പുരയാണ് കഴിഞ്ഞ ദിവസം കത്തിനശിച്ചത്. ഞായറാഴ്ച രാവിലെയാണ് വീടിൻ്റെ അടുക്കള ഭാഗത്തോട് ചേർന്നുള്ള പുകപ്പുരയിൽ തീ ഉയരുന്നതായി മീനാക്ഷിയുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് മീനാക്ഷിയും മകളും ചേർന്ന് വെള്ളം ഒഴിച്ച് തീ കെടുത്തുകയായിരുന്നു. തീപിടുത്തത്തിൽ വീടിൻ്റെ അടുക്കളയ്ക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. പുകപ്പുരയിൽ മുന്നൂറോളം റബർ ഷീറ്റുകൾ ഉണക്കാനിട്ടിരുന്നു. എന്നാൽ ഇത്രയും ഷീറ്റുകൾ കത്തിയതിൻ്റെ തീയോ, അവശിഷ്ടങ്ങളോ ഇല്ലാത്തതാണ് റബർ ഷീറ്റ് മോഷണം നടത്തിയതിന് ശേഷം പുകപ്പുര തീയിട്ടതാണെന്ന് സംശയിക്കുവാൻ കാരണം. രാത്രി ഒരു മണിയോടു കൂടിയാണ് ഇവർ ഉറങ്ങാൻ കിടന്നത് ആ സമയം പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് വീട്ടുകാർ പറഞ്ഞു. മീനാക്ഷിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാജപുരം പോലീസ് സ്ഥലത്തെത്തി പരിശോധനനടത്തി. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
No comments