അങ്കമാലിയിൽ ദമ്പതികൾ മരിച്ച നിലയിൽ; കണ്ടെത്തിയത് വീടിന് തീപിടിച്ചപ്പോൾ; മക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കൊച്ചി: എറണാകുളം അങ്കമാലിയിൽ ദമ്പതികൾ മരിച്ച നിലയിൽ. മില്ലുപടി വെളിയത്ത് വീട്ടിൽ സനൽ, ഭാര്യ സുമി സനൽ എന്നിവരാണ് മരിച്ചത്. സനൽ തൂങ്ങിയ നിലയിലും സുമി പൊള്ളലേറ്റ് മരിച്ച നിലയിലുമായിരുന്നു. ഇവരുടെ രണ്ടു കുട്ടികളിൽ ഗുരുതരമായി പൊള്ളലേറ്റ ഇളയ മകൻ തീവ്രപചരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
രാത്രി 12 മണിയോടെയായിരുന്നു അങ്കമാലിയെ നടുക്കിയ സംഭവം. അയൽവാസിയായ സതീശൻ ജോലി കഴിഞ്ഞ് വരുന്ന മകനെ കാത്ത് വീടിന്റെ വരാന്തയിലിരിക്കുമ്പോഴാണ് സനലിന്റെ വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. കുട്ടികളുടെ നിലവിളിയും കേട്ടു. ഓടി ചെന്നപ്പോൾ തീ ആളി പടരുകയായിരുന്നു. കുട്ടികളെ ഉടൻ രക്ഷിച്ച് പുറത്ത് എത്തിച്ചു. ഏറെ പണിപ്പെട്ട് തീ കെടുത്തിയപ്പോഴാണ് ഒരു മുറിയിൽ സനലിനെ തൂങ്ങിയ നിലയിലും മറ്റൊരു മുറിയിൽ സുമിയെ വെന്തുമരിച്ച നിലയിലും കണ്ടെത്തിയത്.
ആറും പന്ത്രണ്ടും വയസുള്ള കുട്ടികളിൽ ആറു വയസുകാരന്റെ നില അതീവ ഗുരുതരമാണ്. കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെന്ന് കുറിപ്പിലുണ്ട്. സുമിയുടെ കൈപ്പടയിലാണ് കുറിപ്പുള്ളതെന്നാണ് വിവരം. സനൽ തൂങ്ങി മരിച്ചതിന് പിന്നാലെ സുമി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു എന്നും തീ കൊളുത്തിയതിന് ശേഷം സനൽ തൂങ്ങിമരിച്ചതാവാമെന്നും പൊലീസ് സംശയിക്കുന്നു. മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സനലും സുമിയും അങ്കമാലി തുറവൂർ ജംഗ്ഷനിൽ അക്ഷയകേന്ദ്രം നടത്തിവരികയാണ്.
No comments