റിയാസിനെ കാണാതായിട്ട് 48 മണിക്കൂർ പിന്നിട്ടു ഹെലികോപ്റ്റർ എത്തി, ജില്ലാ കലക്ടറും പൊലീസ് മേധാവിയും സ്ഥലം സന്ദർശിച്ചു
കാഞ്ഞങ്ങാട് :ചൂണ്ടയിടാൻ പോയി കാണാതായ യുവാവിനെ കണ്ടെത്താൻ ഇന്ന് ഉച്ചയോടെ ഹെലികോപ്റ്ററിൽ തിരച്ചിൽ നടത്തി. ചെമ്മനാട് കല്ല് വളപ്പ് പരേതനായ മെയ്തീൻ കുഞ്ഞിയുടെ മകൻ റിയാസിനെ 34 കണ്ടെത്തുന്നതിനാണ് ഹെലികോപ്റ്റർ എത്തിച്ചത്. കൊച്ചിയിൽ നിന്നു മെത്തി കോസ്റ്റ് ഗാർഡിൻറെ കോപ്റ്ററാണ് കീഴൂർ കടലിൽ തിരച്ചിൽ നടത്തി മടങ്ങിയത്. കൊച്ചിയിൽ നിന്നും ഷിപ്പും പുറപ്പെട്ടിട്ടുണ്ട്. ഇത് ആഴക്കടലിൽ തിരച്ചിൽ നടത്തും. ഇന്നലെ ജില്ലാ കലക്ടർ ഇമ്പശേഖർ സ്ഥലത്ത് എത്തിയിരുന്നു. ഇന്ന് രാവിലെ ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ കീഴൂരിലെത്തി നാട്ടുകാരോട് കാര്യങ്ങൾ ആരാഞ്ഞിരുന്നു. കീഴൂർ ഹാർബറിൽ 31ന് രാവിലെ ചൂണ്ടയിടാൻ പോയതാണ്.
ബൈക്കും ബാഗും ഇവിടെ നിന്നും അന്ന് തന്നെ കണ്ടെത്തിയിരുന്നു. എന്നാൽ യുവാവിനെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല. കോസ്റ്റൽ പൊലീസും മേൽപ്പറമ്പ് പൊലീസും ഫയർ ഫോഴ്സ്, നാട്ടുകാർ ഉൾപെടെ രണ്ട് ദിവസമായി പുഴയിൽ തിരച്ചിൽ നടക്കുന്നുണ്ടെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരും ബന്ധുക്കളും കലക്ടറെയും പൊലീസ് മേധാവിയെ സമീപിച്ച് തിരച്ചിലിന്
നേവിയുടെ സഹായം അഭ്യർത്ഥിച്ചു. പിന്നാലെയാണ് ഹെലികോപ്റ്ററെത്തിച്ചത്. കാണാതായ പുഴക്കടവിൽ നിന്നും 100 മീറ്റർ അകലെ മാത്രമാണ് കടൽ. റിയാസിനായി ശനിയാഴ്ച രാവിലെ മുതൽ രാവും പകലുമെന്നില്ലാതെ ബന്ധുക്കളും നാട്ടുകാരും കടൽ കരയിൽ പ്രാർത്ഥനയോടെ കാത്തിരിപ്പാണ്.
No comments