ഭീമനടിയിൽ പ്രവർത്തിക്കുന്ന ഗ്രാമ ന്യായാലയിൽ സ്ഥിരം മജിസ്ട്രേറ്റിനെ നിയമിക്കണമെന്ന ആവശ്യം ശക്തം
ഭീമനടി : ഭീമനടിയിൽ പ്രവര്‍ത്തിക്കുന്ന പരപ്പ ഗ്രാമ ന്യായാലയിൽ സ്ഥിരം മജിസ്ട്രേറ്റിനെ നിയമിക്കണമെന്ന ആവശ്യം ശക്തമായി. മലയോര ജനതയ്ക്ക് ആശ്വാസമായി ഭീമനടിയിൽ പ്രവര്‍ത്തിക്കുന്ന ഗ്രാമന്യായാലയിൽ നിലവിൽ ആഴ്ചയിൽ ഒരു ദിവസമാണ് സിറ്റിംങ് നടക്കുന്നത്.
കിഴക്കൻ മലയോര മേഖലയിലെ പാവപ്പെട്ടവർക്കും , സ്ത്രീകൾക്കും കുട്ടികൾക്കും, മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും സാമ്പത്തിക ബാധ്യതയും സമയനഷ്ടവും
യാത്രാ ക്ലേശവും ഒഴിവാക്കി ഗ്രാമീണ ജനതയ്ക്ക് എത്രയും പെട്ടെന്ന് വീട്ടുമുറ്റത്ത് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2016 ൽ സംസ്ഥാനത്ത് 30 ന്യായാലയങ്ങൾക്ക് തുടക്കമാകുന്നത്. അങ്ങിനെ ജില്ലയിൽ തുടങ്ങിയ ഏക ഗ്രാമീണ കോടതിയാണ് ഭീമനടിയിലേത്.
ഇവിടെ 2016 ഡിസംബർ മുതൽ 2019 മെയ് 20 വരെ സ്ഥിരം ന്യായാധികാരിയുണ്ടായിരുന്നു. ഈ കാലയളവിൽ നൂറ് കണത്തിന് കേസുകൾ ഇവിടെ പരിഗണിച്ചിരുന്നു. ഈ കോടതിക്കാവശ്യമായ കെട്ടിടം ഭീമനടി ബസ്റ്റാൻഡിൽ ഗവ. ആയുര്‍വേദ ആശുപത്രിയുടെ മുകളിൽ രണ്ട് നിലകളിലായി വെസ്റ്റ് എളേരി പഞ്ചായത്ത് തികച്ചും സൗജന്യമായി നിർമ്മിച്ചു നൽകുകയായിരുന്നു. ഈ കോടതിയിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള ചില കേസുകളും, ഗാർഹികപീഡന നിരോധന നിയമ കാരമുള്ള കേസുകളും, ഭാര്യയ്ക്കും കുട്ടികൾക്കും മാതാപിതാക്കൾക്കും ചിലവിന് ലഭിക്കുവാനുള്ള കേസുകളുമുൾപ്പെടെയുള്ളവ ഇവിടെ പരിഗണിക്കുന്നുണ്ട്. കേസുകൾ പരസ്പരം ചർച്ചചെയ്ത് രമ്യതയിലാക്കുവാൻ മീഡിയേറ്റർമാരുടെ സേവനം ഇല്ല എന്നത് കക്ഷികൾക്ക് പ്രയാസം ഉണ്ടാകുന്നുണ്ട്. ഇതിനായി കക്ഷികൾ പലതവണ ഹോസ്ദുർഗ് കോടതിയിൽ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥ ഉണ്ട്. കോടതിയിൽ ആവശ്യമായ എല്ലാ ജീവനക്കാരും നിലവിൽ ഇവിടെ ഉണ്ട്. മലയോരത്തെ പനത്തടി, കള്ളാർ, കോടോം ബേളൂർ, കിനാന്നൂർ കരിന്തളം , ബളാൽ , വെസ്റ്റ് എളേരി,ഈസ്റ്റ് എളേരി എന്നീ പഞ്ചായത്തുകളിലെ ജനങ്ങൾക്കാണ് ഈ കോടതിയുടെ പ്രയോജനം ലഭിക്കുന്നത്. രാജപുരം, വെള്ളരിക്കണ്ട്, ചിറ്റാരിക്കാൽ അമ്പലത്തറ, നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ കേസ്സുകളാണ് ഭീമനടി ഗ്രാമ ന്യായാലയിൽ പരിഗണിക്കുന്നത്.
വെള്ളരികുണ്ട് താലൂക്ക് നിലവിൽ വന്നിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇവിടെ മുൻസിഫ് മജിസ്റ്റേറ്റ് കോടതിയുടെ പ്രവർത്തനവും തുടങ്ങിയിട്ടില്ല എന്നതും ജനങ്ങളെ ദുരിതത്തിലാക്കുന്നു. 2018 മുതൽ വിചാരണ തുടങ്ങിയ കേസുകൾ ഇന്നും ഇവിടെ തീർപ്പാകാതെ കിടക്കുന്നുണ്ട്. പുതിയ ക്രിമിനൽ നിയമങ്ങൾ വന്നതിനാൽ ഈ കോടതി പരിഗണിച്ചിരുന്ന ഭൂരിഭാഗം കേസുകളും ഈ കോടതിക്ക് പരിഗണിക്കാനാവാത്ത അവസ്ഥയാണ് ഉള്ളത്.ഇത് ഈ കോടതി തന്നെ ഇല്ലാതാകുമോ എന്ന ആശങ്കയ്ക്ക് ഇടനൽകുന്നുണ്ട്. മലയോര മേഖലയിലെ ജനങ്ങൾക്ക് പ്രയോജനകരമായ ഈ കോടതി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിൽ വിചാരണാധികാരമുള്ള എല്ലാ കേസുകളും വിചാരണ ചെയ്യുന്ന കോടതിയായി ഉയർത്തണമെന്ന ആവശ്യമാണ് ഗ്രാമീണ ജനത ഉയർത്തുന്നത്. ഇത് ഈ പ്രദേശങ്ങളിലെ കക്ഷികളുടെ ഹോസ്ദുർഗ് കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ പെട്ടെന്ന് വിചാരണ പൂർത്തിയാക്കുന്നതിനും സഹായകമാകും.
No comments