Breaking News

സ്വകാര്യ ടെലഫോൺ കമ്പനിക്കാർ കേബിൾകുഴി എടുത്തതിനെ തുടർന്ന് കുറുഞ്ചേരി പെരിയങ്ങാനം റോഡ് തകർന്ന നിലയിൽ


ഭിമനടി :  സ്വകാര്യ ടെലഫോൺ കമ്പനിക്കാർ കേബിൾ വലിക്കാൻ റോഡിൽ കുഴിയെടുത്ത് റോഡും, കുടിവെള്ള കണക്ഷനുകളും തകര്‍ന്നു.  വെസ്റ്റ് എളേരി, കിനാനൂർ കരിന്തളം പഞ്ചായത്തിലൂടെ പോകുന്ന ഭീമനടി- കുറുഞ്ചേരി- പെരിയങ്ങാനം റോഡിൽ കുറുഞ്ചേരി മുതൽ കുറുഞ്ചേരി തട്ട് വരെ ഏതാണ്ട് 700 മീറ്ററോളം ഭാഗത്താണ്  സ്വകാര്യ ടെലഫോൺ കമ്പനിക്കാർ കേബിൾ വലിക്കുന്നതിന്റെ ഭാഗമായി കുഴിയെടുത്ത് റോഡ് നശിപ്പിച്ചത്. ഈ മഴക്കാലത്ത് അശാസ്ത്രീയമായി കുഴിയെടുത്തതിനാൽ റോഡിന് സൈഡിലൂടെ ഉണ്ടായിരുന്ന ഓവുചാൽ തകർന്ന് മഴവെള്ളം കുത്തി ഒലിച്ച് മണ്ണും കല്ലും എല്ലാം റോഡിൽ വന്നടിഞ്ഞ് വാഹന ഗതാഗതവും ദുരിതത്തിലായി. നിരവധി ആളുകൾ അപകടത്തിൽ പെട്ടു. ഓവുചാൽ സംവിധാനം പാടേ തകര്‍ന്നു. പല വീടുകളിലേക്കും ഉള്ള വഴികളും മണ്ണ് കുത്തി ഒലിച്ച് തകർന്നു. വീടുകളിലേക്കുള്ള കുടിവെള്ള കണക്ഷനും തകര്‍ന്നിട്ടുണ്ട്. തകർന്ന ഭാഗങ്ങൾ ശരിയാക്കും എന്ന് പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. റോഡിൽ കുഴി എടുക്കുമ്പോൾ സ്ഥലത്ത് വന്ന് നോക്കാനോ ആവശ്യമായ നിർദേശങ്ങൾ നൽകാനോ അധികൃതർ ആരും എത്തിയില്ല എന്ന് നാട്ടുകാർ ആരോപിച്ചു. മുൻപും പല ആവശ്യങ്ങൾക്കായി കുഴിച്ച കുഴികൾ ഇപ്പോഴും യാത്രാദുരിതമായി റോഡിലുണ്ട്. എന്നാൽ ഇത്തവണ വലിയ ഒരുഭാഗം റോഡ് ആകെ തകരുന്ന സ്ഥിതിയിലാണ് കേബിൾകുഴി മൂലം ഉണ്ടായത്. റോഡിനും, നാട്ടുകാർക്കും ഉണ്ടായ നാശനഷ്ടത്തിന് അടിയന്തര നടപടി എടുക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുറുഞ്ചേരി എ കെ ജി സ്മാരക വായനശാല കമ്മിറ്റി ജില്ലാ കലക്ടർക്ക് പരാതി നല്‍കി. 

No comments