Breaking News

നവീൻ ബാബു കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനെന്ന് ചിറ്റാരിക്കാലിലെ പെട്രോൾ പമ്പ് ഉടമ


ചിറ്റാരിക്കാൽ  : നവീൻ ബാബു കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനെന്ന് കാസർകോട്ടെ പെട്രോൾ പമ്പ് ഉടമയായ തോമസ് പതാലിൽ. കാസർകോട് എ.ഡി.എം. ആയിരിക്കെ നവീൻ ബാബുവിൽ നിന്നും പെട്രോൾ പമ്പിന് എതിർപ്പില്ലാ രേഖ വാങ്ങിയ ബിസിനസുകാരനാണ് തോമസ്. തന്റെ ജോലിയിൽ കൃത്യതയും കണിശതയും പാലിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്നും തോമസ് പറയുന്നു. 'എതിർപ്പില്ലാ രേഖ കിട്ടാൻ കുറച്ചധികം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ, കൈക്കൂലി വാങ്ങിക്കാത്ത ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്ന് ഉറപ്പായും പറയാൻ എനിക്കു കഴിയും. എത്രയോ സർക്കാർ കാര്യാലയത്തിൽ നിരന്തരം കയറിയിറങ്ങുകയും ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. സൗമ്യനായ മനുഷ്യനാണ് നവീൻബാബു. എളിമ നിറഞ്ഞ സംസാരം. ഇവിടെ നിന്നു പോയപ്പോഴും സൗഹൃദം കാത്തുസൂക്ഷിച്ചു. അദ്ദേഹത്തിന്റെ വിയോഗം ഏറെ വേദനിപ്പിച്ചു. സാറ് കൈക്കൂലി വാങ്ങിയെന്ന് ആരു പറഞ്ഞാലും വിശ്വസിക്കാനാകില്ല. അങ്ങനെയാണെങ്കിൽ എന്നോടും ചോദിക്കണമായിരുന്നു.' - ചിറ്റാരിക്കാൽ നല്ലോമ്പുഴ സ്വദേശി തോമസ് പതാലിൽ പറയുന്നു.

കാസർകോട് ഡെപ്യൂട്ടി കളക്ടറായിരിക്കെ കഴിഞ്ഞ വർഷം അവസാനമാണ് നവീൻ ബാബു എ.ഡി.എം. ആകുന്നത്. ഇദ്ദേഹം എ.ഡി.എം.ആയ ശേഷം പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് രണ്ടു അപേക്ഷകളാണ് മുന്നിലെത്തിയത്. ഇതിലൊന്നാണ് മകൻ ജെറിന്റെ പേരിൽ തോമസ് പതാലിൽ നൽകിയ അപേക്ഷ. എ.ഡി.എം. ആയി ചുമതലയേറ്റ ശേഷം നവീൻബാബു നടത്തിയ ആദ്യ അന്വേഷണവും റിപ്പോർട്ട് തയ്യാറാക്കിയതും ഈ പെട്രോൾ പമ്പുമായി ബന്ധപ്പെട്ടാണ്.

ചിറ്റാരിക്കാൽ-ചെറുപുഴ റോഡരികിലാണ് പമ്പ്. അടുത്തമാസം ഉദ്ഘാടനം നടക്കും. രണ്ടാമത്തെ അപേക്ഷ സുള്ള്യ സ്വദേശിനിയായ നന്ദിനിയുടെ പേരിലാണ്. കരന്തളത്താണ് ഈ പമ്പ് വരുന്നത്. ഇതിന്റെ അന്വേഷണറിപ്പോർട്ട് തയ്യാറാക്കിയപ്പോഴേക്കും നവീൻ ബാബുവിന് സ്ഥലം മാറ്റമായി. തുടർന്നു വന്ന എ.ഡി.എം പെട്ടെന്നു തന്നെ എതിർപ്പില്ലാ രേഖ നൽകുകയും ചെയ്തു. ഒരു ഘട്ടത്തിൽപ്പോലും അദ്ദേഹം കാശ് ചോദിച്ചിട്ടില്ലെന്നും ഇത്രയും നല്ലൊരു ഉദ്യോഗസ്ഥനെ കിട്ടാൻ പ്രയാസമാണെന്നും ഈ പമ്പുമായി ബന്ധപ്പെട്ടവരും പറയുന്നു.

കാസർകോടും കണ്ണൂരുമായി നവീൻബാബു എ.ഡി.എം.കസേരയിലിരുന്നത് ഒരു വർഷത്തിൽ താഴെയാണ്. കാസർകോട്ട് ഒരു പെട്രോൾ പമ്പിന് എതിർപ്പില്ലാ രേഖ നൽകുകയും മറ്റൊന്നിന് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്ത് ക്ലീൻ ഇമേജോടെ കണ്ണൂരിലെത്തിയ ഒരു എ.ഡി.എം. തനിക്ക് മുന്നിലെത്തിയ സമാനരീതിയിലുള്ള ഒരു അപേക്ഷയ്ക്കുമേൽ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോയെന്നാണ് ദേശീയപാത വിഭാഗം തഹസിൽദാർ മുതൽ അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത കാസർകോട്ടെ സഹപ്രവർത്തകർ ചോദിക്കുന്നത്.

No comments