കാവുകളുണർന്നതോടെ ജില്ലയിൽ മാപ്പിളത്തെയ്യങ്ങൾക്കും അരങ്ങുണർന്നു കമ്പല്ലൂർ കോട്ടയിൽ തറവാട്ടിലെ കളിയാട്ടത്തിൽ മാപ്പിള തെയ്യവും ചാമുണ്ഡിയും അരങ്ങിലെത്തി
ചിറ്റാരിക്കാൽ : കാവുകളുണർന്നതോടെ ജില്ലയിൽ മാപ്പിളത്തെയ്യങ്ങൾക്കും അരങ്ങുണർന്നു. ഓലത്തുമ്പിൽ ശില്പചാതുരി തുളുമ്പും തിരുമുടിയും, ഉടയാടകളും ഒന്നിനൊന്നു വിസ്മയം പരത്തുന്ന തെയ്യങ്ങൾക്കിടയിലാണ് വേഷത്തിലും ചടങ്ങുകളിലും മിത്തുകളിലുമെല്ലാം വേറിട്ടുനിൽക്കുന്ന മാപ്പിളത്തെയ്യങ്ങളുമെത്തുന്നത്. പട്ടുടുത്തു താടിയും തലപ്പാവും ധരിച്ചു തറവാട്ടുമുറ്റങ്ങളിലും കാവുകളിലും മാപ്പിളത്തെയ്യങ്ങൾ നിസ്കാര കർമങ്ങളും ബാങ്കുവിളിയും നടത്തുമ്പോൾ വിശ്വാസത്തിനു കളങ്കമേൽക്കാത്ത നാട് ഒന്നടങ്കം വണങ്ങും. കമ്പല്ലൂർ കോട്ടയിൽ തറവാട്ടിലെ കളിയാട്ടത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ അരങ്ങിലെത്തിയ മാപ്പിളയും ചാമുണ്ഡിയും തെയ്യങ്ങളോടെയാണു ജില്ലയിൽ മാപ്പിളത്തെയ്യങ്ങൾക്കു തുടക്കമായത്.
മാലോം കൂലോം, കുമ്പള ആരിക്കാടി, മൗവ്വേനി കോവിലകം, പെരളം ചാമുണ്ഡേശ്വരി കാവ്, മടിക്കൈ കക്കാട്ട് കോവിലകം, തൃക്കരിപ്പൂർ പേക്കടം തുടങ്ങിയ സ്ഥലങ്ങളിലും വിവിധ പേരുകളിൽ മാപ്പിളത്തെയ്യങ്ങളുണ്ട്. കമ്പല്ലൂരിലെ മാപ്പിളയും ചാമുണ്ഡിയും തെയ്യത്തിന്റെ ഇതിവൃത്തം ഇപ്രകാരമാണ്.
No comments