പരപ്പ പ്രതിഭാനഗറിൽ കാട്ടുപന്നി കൂട്ടമായിറങ്ങി നെൽക്കൃഷി നശിപ്പിച്ചു
വെള്ളരിക്കുണ്ട് : പരപ്പ പ്രതിഭാനഗറിൽ കാട്ടുപന്നി കൂട്ടമായിറങ്ങി നെൽക്കൃഷി നശിപ്പിച്ചു. കരിച്ചേരി ദാമോദരന്റെ 40 സെന്റ് വയലിലെ പകുതിയോളം കഴിഞ്ഞദിവസം രാത്രിയിലാണ് നശിപ്പിച്ചത്. രണ്ടാഴ്ചക്കകം വിളവെടുക്കാൻ ഒരുങ്ങുന്നതിനിടയിലാണ് പന്നിക്കൂട്ടത്തിന്റെ അതിക്രമം. നെൽച്ചെടികൾ കതിരോടെ ചളിയിൽപൂണ്ട് കിടക്കുകയാണ്. പന്നി തിന്നുതീർത്തിട്ടുമുണ്ട്. തൊട്ടടുത്ത് കരിച്ചേരി ചന്ദ്രന്റെ കൃഷിയിടത്തിലും പന്നിക്കൂട്ടമിറങ്ങി നാശം വരുത്തി. മലയോരത്ത് നെൽക്കൃഷി തുടർന്നുവരുന്ന അപൂർവം സ്ഥലങ്ങളിലൊന്നാണ് പ്രതിഭാനഗർ. പരമ്പരാഗത കർഷക കുടുംബങ്ങളിൽ ചിലർ ഇപ്പോഴും നെൽക്കൃഷി തുടരുന്നു.
പരിഹാരം വേണം
കാട്ടുമൃഗങ്ങളിൽനിന്ന് സുരക്ഷയില്ലെങ്കിൽ കൃഷി തുടരാനാകില്ലെന്ന് കർഷകൻ കെ. കുഞ്ഞമ്പു നായർ പറഞ്ഞു. അടുത്തകാലത്ത് കാട്ടുപന്നിശല്യം കുറവായിരുന്നു. പന്നികൾ പെരുകിയതോടെ കർഷകരുടെ എല്ലാ വിളകളും നശിപ്പിക്കുകയാണ്. വീട്ടുമുറ്റത്തുവരെ ഇവ എത്തുന്നു. പരിഹാരം കാണണം. നഷ്ടപരിഹാരം നൽകണം. കാട്ടുപന്നി നശിപ്പിക്കുന്ന കൃഷിക്കും ഇൻഷുറൻസ് പരിരക്ഷവേണം.
No comments