Breaking News

ശുചിമുറി മാലിന്യം ലോറിയില്‍ കയറ്റി പൊതുസ്ഥലങ്ങളിൽ ഒഴുക്കുന്നത് പതിവാക്കി; യുവാക്കളെ കൈയോടെ പിടികൂടി


കോഴിക്കോട്: ശുചിമുറി മാലിന്യം വൃത്തിയാക്കുന്ന കരാര്‍ ജോലി ഏറ്റെടുത്ത് പൊതുസ്ഥലത്ത് തള്ളുന്നത് പതിവാക്കിയ യുവാക്കളെ പൊലീസ് പിടികൂടി. രാമനാട്ടുകര പുതുക്കുടി സ്വദേശി അജ്മല്‍ (26), ഫറോക്ക് കുന്നത്ത്‌മോട്ട സ്വദേശി അബ്ദുല്‍ മനാഫ് (38) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.

കുന്ദമംഗലം കോട്ടംപറമ്പ് ചേരിഞ്ചാല്‍ റോഡിലുള്ള മനത്താനത്ത് താഴം ബസ് സ്റ്റോപ്പിനു സമീപം ഓവ് ചാലിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കിയ സംഭവത്തിലാണ് ഇരുവരെയും പിടികൂടിയത്. ഇവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത വകുപ്പ് 271, കേരള പൊലീസ് ആക്ട് 120 എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. മാലിന്യം കടത്താന്‍ ഉപയോഗിച്ച ലോറിയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നും ശുചിമുറി മാലിന്യം വണ്ടിയില്‍ കയറ്റി ആള്‍പ്പെരുമാറ്റം കുറഞ്ഞ പ്രദേശങ്ങളില്‍ ഒഴുക്കി വിടുകയാണ് ഇവരുടെ പതിവെന്ന് പൊലീസ് പറഞ്ഞു.

ഇത്തവണ കൊടുവള്ളിയില്‍ നിന്നും കൊണ്ടു വന്ന മാലിന്യം ഓടയില്‍ ഒഴുക്കുമ്പോഴാണ് പിടിയിലായത്. കുന്നമംഗലം എസ്‌ഐ ഉമ്മര്‍ ടി കെ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജു, സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ പിടികൂടിയത്.

No comments