Breaking News

ജില്ലയിലെ പ്ലാന്റേഷൻ കോർപ്പറേഷനിൽ സൂക്ഷിച്ച എൻഡോസൾഫാൻ കീടനാശിനി നിർവീര്യമാക്കാനുള്ള നടപടി തുടങ്ങി ; പെരിയയിലും രാജപുരത്തെയും എൻഡോസൾഫാൻ സാമ്പിളെടുത്തു


പാണത്തൂർ : ജില്ലയിലെ പ്ലാന്റേഷൻ കോർപ്പറേഷനിൽ സൂക്ഷിച്ച എൻഡോസൾഫാൻ കീടനാശിനി നിർവീര്യമാക്കാനുള്ള നടപടി തുടങ്ങി. വ്യാഴാഴ്‌ച പെരിയയിലേയും വെള്ളിയാഴ്‌ച രാജപുരത്തേയും പ്ലാന്റേഷൻ കോർപ്പറേഷൻ ഗോഡൗണിൽ സൂക്ഷിച്ച കീടനാശിനിയുടെ സാമ്പിളുകൾ, ഇത്തരം മാലിന്യം നശിപ്പിക്കുന്ന ഏജൻസിയുടെ ഉദ്യോഗസ്ഥർ ശേഖരിച്ചു.
കീടനാശിനിയുടെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കാനാണ്‌ സാമ്പിളുകൾ എടുത്തത്‌. ഇവ പരിശോധനക്കായി അയക്കും. പെരിയ, രാജപുരം, ചീമേനി പ്ലാന്റേഷൻ കോർപ്പറേഷൻ ഗോഡൗളുകളിൽ സൂക്ഷിച്ച എൻഡോസൾഫാൻ കീടനാശിനി 2012ൽ സുരക്ഷിതമായ ബാരലുകളിലേക്ക് മാറ്റിയിരുന്നു. ബാരലിൽ സൂക്ഷിക്കാവുന്ന കാലാവധി അഞ്ച് വർഷമായതിനാൽ, ഇപ്പോഴത്തെ അവസ്ഥ മനസിലാക്കാനാണ്‌ സാമ്പിൾ എടുക്കുന്നത്‌. പരിശോധന റിപ്പോർട്ട് കിട്ടുന്ന മുറക്ക് അവ നശിപ്പിക്കും.
കീടനാശിനി മാലിന്യങ്ങൾ നിർവീര്യമാക്കുന്ന ഏജൻസികളായ ബറുച്ച് എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റിഡ് (ബിഇഐഎൽ), റാംകി എൻവിറോ എൻജിനിയേഴ്‌സ്‌ ലിമിറ്റിഡ് കമ്പനികളുടെ പ്രതിനിധികളാണ് സാംപിൾ ശേഖരിച്ചത്‌. സംഘം ശനിയാഴ്‌ച മണ്ണാർക്കാട്‌ എസ്‌റ്റേറ്റിലെ സാംപിൾ പരിശോധിക്കും.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശപ്രകാരം ബാംഗളൂരു സെൻട്രൽ കീടനാശിനി ബോർഡ് ആൻഡ് റിസർച്ച് ദക്ഷിണമേഖല റീജനൽ ഡയറക്ടർ ഡോ. ജെ ചന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള സംഘവും പെരിയയിലും പാണത്തൂരും എത്തി. എൻഡോസൾഫാൻ സെൽ ചുമതലയുള്ള ഡപ്യൂട്ടി കലക്ടർ സുർജിത്ത്, പ്ലാന്റേഷൻ കോർപ്പറേഷൻ എസ്റ്റേറ്റ്‌ മാനേജർ യു സജീവ്, സിപിസിബി സയന്റിസ്റ്റ് ഡോ. വി ദീപേഷ്, സിഐബി ആൻഡ്‌ ആർസി ഡെപ്യൂട്ടി ഡയറക്ടർ ഡോ. സ്‌നേഹ പോട്ട്ഡാർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ കെ എസ് ദിനേശ്, എഇ പി വി സിദ്ധാർഥ് എന്നിവരും ഒപ്പമുണ്ടായി.
ശക്തി കുറഞ്ഞെങ്കിൽ ഉടൻ നശിപ്പിക്കും
കേന്ദ്ര കീടനാശിനി ബോർഡ് ആൻഡ് റിസർച്ച് സെന്ററിൽ സാപിളുകൾ പരിശോധിച്ച്‌ റിപ്പോർട്ട് സമർപ്പിക്കും. അടുത്ത മാസം നടക്കുന്ന സിറ്റിങിൽ ദേശീയ ഹരിത ട്രൈബ്യൂണിലിനെ റിപ്പോർട്ടിലെ കാര്യം അറിയിക്കും. കീടനാശിനിയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിൽ ബാരലിലേക്ക്‌ മാറ്റാതെ ഉടൻ നശിപ്പിക്കും.
1985 മുതൽ 2000 വരെ ജില്ലയിലെ പ്ലാന്റേഷൻ കോർപ്പറേഷൻ കശുമാവിൻ തോട്ടങ്ങളിൽ തളിക്കുന്നതിന്‌ കൊണ്ടുവന്ന കീടനാശിനിയിൽ ബാക്കി വന്നവയാണ്‌ സൂക്ഷിച്ചത്‌.

പെരിയയിൽ 700 ലിറ്റർ, 
പാണത്തൂരിൽ 450 ലിറ്റർ
പെരിയ പ്ലാന്റേഷൻ കോർപ്പറേഷൻ ഗോഡൗണിൽ നാല് ബാരലുകളിലായി 700 ലിറ്റർ എൻഡോസൾഫാനാണുള്ളത്‌. രാജപുരം പാണത്തൂർ ഗോഡൗണിൽ മൂന്ന് ബാരലുകളിലായി 450 ലിറ്റർ എൻഡോസൾഫാനുമുണ്ട്‌.
ഇവിടത്തെ പരിശോധനയിൽ ബാരലുകൾക്ക് ചോർച്ചയില്ല എന്ന്‌ കണ്ടെത്തി. 2012-ൽ ബാരലുകൾ പൊട്ടി ചോർച്ച ഉണ്ടായതിനെ തുടർന്നാണ് പുതിയ ബാരലുകളിലേക്ക് മാറ്റിയത്‌.
രണ്ടിടത്തുനിന്നുമായി 750 മില്ലി വീതമാണ് പരിശോധനക്ക് എടുത്തത്‌. ചീമേനിയിൽ ഖരരൂപത്തിലുള്ള 10 കിലോ എൻഡോസൾഫാൻ കീടനാശിനി മാത്രമാണുള്ളത്‌. 200 ലിറ്റർ ഉൾകൊളളുന്ന ഹൈഡെൻസിറ്റി പോളി എത്തലിൻ ബാരലുകളിലാണ് ഇവയുള്ളത്‌.


No comments