മുഖത്ത് കറുപ്പ് ചായം തേച്ചും മുഖം മറച്ചും രാത്രി വീട്ടിൽ കയറി വന്നത് 3 പേർ; വിളിച്ചുണർത്തി കാൽ തല്ലിയൊടിച്ചു
കോഴിക്കോട്: അജ്ഞാത സംഘം രാത്രി വീട്ടില്‍ കയറി ഗൃഹനാഥനെയും മകനെയും അക്രമിച്ച് പരിക്കേല്‍പ്പിച്ചു. കോഴിക്കോട് വടകര 110 കെ വി സബ്‌സ്റ്റേഷന് സമീപം താമസിക്കുന്ന പാറേമ്മല്‍ രവീന്ദ്രന്‍ (69), മകന്‍ ആകാശ്(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 10.45ഓടെയാണ് ആക്രമണം നടന്നത്.
മുഖത്ത് കറുപ്പ് ചായം തേച്ച ഒരാളും ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ട് പേരും ചേര്‍ന്നാണ് തങ്ങളെ ആക്രമിച്ചതെന്ന് രവീന്ദ്രന്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ രവീന്ദ്രന്റെ ഇടതുകാലില്‍ പൊട്ടലുണ്ട്. അച്ഛനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്നപ്പോഴാണ് ആകാശിനും മര്‍ദ്ദനമേറ്റത്. മർദനമേറ്റവർ സംഭവം ബന്ധുവിനെ അറിയിച്ചതിനെ തുര്‍ന്ന് അവര്‍ വടകര പോലീസില്‍ ബന്ധപ്പെടുകയായിരുന്നു.
പൊലീസ് വീട്ടിലെത്തിയാണ് ഇരുവരെയും ഗവ. ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രവീന്ദ്രന്‍ തപാല്‍ വകുപ്പില്‍ നിന്ന് വിരമിച്ചയാളാണ്. പോസ്റ്റ്മാനായാണ് വിരമിച്ചത്. ആക്രമണത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
No comments