ലാബ് ടെക്നീഷ്യൻ, നഴ്സിങ് അസിസ്റ്റന്റ് കോഴ്സുകളിൽ ചേർന്നവർക്ക് കിട്ടിയത് വ്യാജ സർട്ടിഫിക്കറ്റ്; മാനേജർ പിടിയിൽ
കോഴിക്കോട്: പാരാമെഡിക്കല്‍ കോഴ്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തി വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന പരാതിയില്‍ സ്ഥാപന മാനേജര്‍ പിടിയില്‍. കോഴിക്കോട് കുറ്റ്യാടി പോലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ഗേറ്റ് അക്കാദമി എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജര്‍ നാദാപുരം വരിക്കോളി കൂര്‍ക്കച്ചാലില്‍ ലിനീഷിനെയാണ് (46) പൊലീസ് പിടികൂടിയത്. നാദാപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ലാബ് ടെക്നീഷ്യന്‍, നഴ്സിങ് അസിസ്റ്റന്റ് തുടങ്ങിയ കോഴ്സുകള്‍ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വഞ്ചിച്ചു എന്ന പരാതിയിലാണ് ഇയാളെ കഴിഞ്ഞ ദിവസം കുറ്റ്യാടി സബ് ഇന്‍സ്പെക്ടര്‍ സി ജയനും സംഘവും അറസ്റ്റ് ചെയ്തത്. കോഴ്സുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുട്ടികളെ കോഴ്സിന് ചേര്‍ക്കുകയായിരുന്നു എന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. തുടര്‍ന്ന് രണ്ട് വര്‍ഷ കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. പിന്നീട് ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വഞ്ചിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.
2021ല്‍ കോഴ്സ് പൂര്‍ത്തിയാക്കിയ പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി പറയുന്നത്. ഹോളോഗ്രാം മുദ്രയും സീലും പതിച്ച സര്‍ട്ടിഫിക്കറ്റുകളാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കോടതിയില്‍ ഹാജരാക്കി. 2014ലും സമാനമായ കേസില്‍ അറസ്റ്റിലായ ഇയാള്‍ക്ക് നാദാപുരത്തും ഇതേ പേരില്‍ സ്ഥാപനമുണ്ട്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
No comments