മലയോരത്തിന്റെ ഉറക്കം കെടുത്തി കാട്ടാനക്കൂട്ടം ; പനത്തടി പഞ്ചായത്തിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച നിലയിൽ
രാജപുരം : മലയോരത്തിന്റെ ഉറക്കം കെടുത്തി കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിൽ വിഹരിക്കുന്നു. വനത്തിൽ നിന്നെത്തുന്ന കാട്ടാനകൾ കാർഷിക വിളകൾ കൂട്ടത്തോടെ നശിപ്പിക്കുമ്പോൾ നിസ്സഹായരായി നോക്കിയിരിക്കാനേ കർഷകർക്കാവുന്നുള്ളൂ. കർണാടക അതിർത്തി പഞ്ചായത്തായ പനത്തടിയിലാണ് കാട്ടാന ശല്യം കാരണം കർഷകർ ഏറെ ദൂരിതം അനുഭവിക്കുന്നത്.
കർണാടക വനത്തിൽനിന്ന് അതിർത്തി കടന്ന് ജനവാസ കേന്ദ്രത്തിലെത്തുന്ന കാട്ടാനകൾ കുറെ കാലങ്ങളായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഭീതിവിതയ്ക്കുന്നു. മനുഷ്യ ജീവന് പോലും ആനകൾ ഭീഷണിയായി മാറി. വനം വകുപ്പ് സ്ഥാപിച്ച സൗരോർജ വേലിയും കടന്നെത്തുന്ന കാട്ടാനക്കൂട്ടങ്ങളെ ഭയന്നാണ് തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരും കർഷകരും കഴിയുന്നത്.
പനത്തടി പഞ്ചായത്തിലെ ഓട്ടമല, റാണിപുരം, കല്ലപ്പള്ളി, തുമ്പോടി, ചെർണ്ണൂർ, അരിപ്രോട്, വണ്ണാർക്കയം, കമ്മാടി, പെരുതടി, പാണത്തൂർ, പരിയാരം തുടങ്ങിയ പ്രദേശങ്ങളിലാണ് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാട്ടാനകൾ കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുന്നത്. ഓരോ ദിവസവും ആനകൾ കൃഷി നശിപ്പിക്കുമ്പോഴും കണ്ണീരൊഴുക്കി സങ്കടം പറയാനേ കർഷകർക്കാവുന്നുള്ളൂ. വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ തടയാൻ പല ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും ഒന്നും ഫലിക്കുന്നില്ല.
ആനകൾക്ക് വനത്തിനകത്ത് തീറ്റ കുറഞ്ഞതോടെയാണ് ജനവാസകേന്ദ്രത്തിലെ കൃഷി സ്ഥലങ്ങളിലെത്തുന്നത്. പടക്കം പൊട്ടിച്ചിട്ടും ചെണ്ട കൊട്ടി ശബ്ദം ഉണ്ടാക്കിയിട്ടും ആനക്കൂട്ടം തിരികെ പോകുന്നില്ല. സൗരോർജ തൂക്കുവേലി എല്ലാ സ്ഥലത്തും സ്ഥാപിച്ചാലേ കാട്ടാനശല്യത്തിന് പരിഹാരം കാണാനാവൂ.
No comments