പാണത്തൂർ സംസ്ഥാനപാത നവീകരണം പൂർത്തിയാക്കണം ; സിപിഐ എം പനത്തടി ഏരിയാസമ്മേളനം
പാണത്തൂർ : കാഞ്ഞങ്ങാട്–- പാണത്തൂർ സംസ്ഥാന പാത നവീകരണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് സിപിഐ എം പനത്തടി ഏരിയാസമ്മേളനം ആവശ്യപ്പെട്ടു.
അന്തർസംസ്ഥാന പാതയായ കാഞ്ഞങ്ങാട് –- പാണത്തൂർ പാത നവീകരിക്കാൻ സംസ്ഥാന സർക്കാർ ഫണ്ട് വകയിരുത്തി പണി തുടങ്ങിയതാണ്. കരാറുകാരന്റെ അനാസ്ഥയിൽ, രണ്ടുവർഷമായിട്ടും പണി പൂർത്തിയാക്കിയില്ല. നിരവധി തവണ സമയം നീട്ടിക്കൊടുത്തിട്ടും കരാറുകാരൻ അനാസ്ഥ തുടരുകയാണ്. പണി പൂർത്തിയാക്കിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കുമെന്ന് സമ്മേളനം മുന്നറിയിപ്പ് നൽകി.
പൂടംകല്ല് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സ ആരംഭിക്കുക, റാണിപുരത്ത് കുട്ടികളുടെ പാർക്കിന്റെ പണി പൂർത്തിയാക്കുക, മലയോര മേഖലയിൽ റബർ അധിഷ്ഠിത വ്യവസായം ആരംഭിക്കുക, മലയോരത്തെ വന്യമൃഗശല്യം തടയുക, പാണത്തൂർ വില്ലേജിൽ കൃഷിഭൂമി തരംമാറ്റുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കുക, പൂടംകല്ല് കേന്ദ്രീകരിച്ച് സഹകരണ നഴ്സിങ് കോളേജ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ഞായറാഴ്‌ച സംഘടനാ റിപ്പോർട്ടിന് ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണനും പ്രവർത്തന റിപ്പോർട്ടിന് ഏരിയാസെക്രട്ടറി ഒക്ലാവ് കൃഷ്ണനും മറുപടി പറഞ്ഞു. ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ വി കെ രാജൻ, സാബു അബ്രാഹം, കെ ജനാർദനൻ, സി പ്രഭാകരൻ, ജില്ലാകമ്മിറ്റി അംഗം എം വി കൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതിക്കായി പി തമ്പാനും പ്രസിഡീയത്തിനായി ഷാലു മാത്യുവും നന്ദി പറഞ്ഞു.
വൈകിട്ട് പാണത്തൂർ കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന പൊതുസമ്മേളനം പി കെ പ്രേംനാഥ് ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം സാബു അബ്രാഹാം, ജില്ലാകമ്മിറ്റി അംഗം എം വി കൃഷ്ണൻ, ടി കോരൻ, ബിനു വർഗീസ് എന്നിവർ സംസാരിച്ചു. പി തമ്പാൻ സ്വാഗതം പറഞ്ഞു. പൊതുസമ്മേളനത്തിന് മുന്നോടിയായി മാവുങ്കാൽ കേന്ദ്രീകരിച്ച് ചുവപ്പുവളണ്ടിയർ മാർച്ചും ആയിരങ്ങൾ അണിനിരന്ന പ്രകടനവും നടന്നു.
ഒക്ലാവ് കൃഷ്‌ണൻ വീണ്ടും സെക്രട്ടറി
പാണത്തൂർ : ഒക്ലാവ് കൃഷ്ണൻ സെക്രട്ടറിയായി 19 അംഗ ഏരിയാകമ്മിറ്റിയെ പാണത്തൂരിൽ സമാപിച്ച സിപിഐ എം പനത്തടി ഏരിയാസമ്മേളനം ഏകകണ്‌ഠമായി തെരഞ്ഞെടുത്തു. ബാനം കൃഷ്ണൻ, പി ദാമോദരൻ, പി ജി മോഹനൻ, എം സി മാധവൻ, പി കെ രാമചന്ദ്രൻ, ടി വി ജയചന്ദ്രൻ, പി തമ്പാൻ, ഷാലു മാത്യു, പി ഗംഗാധരൻ, ജോഷി ജോർജ്, എം സുരേഷ്, പി വി ശ്രീലത, രജനി കൃഷ്ണൻ, പി ഗോവിന്ദൻ, പി ദിലീപ് കുമാർ, ടി വേണുഗോപാലൻ, എച്ച് നാഗേഷ്, പ്രസന്ന പ്രസാദ് എന്നിവരാണ് അംഗങ്ങൾ. 21 അംഗ ജില്ലാസമ്മേളന പ്രതിനിധികളെയും ഏകകണ്‌ഠമായി തെരഞ്ഞെടുത്തു.
No comments