കാഞ്ഞങ്ങാട് - പാണത്തൂർ - കാണിയൂർ റെയിൽ പാത വിഷയത്തിൽ ശക്തമായി ഇടപെടുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി
രാജപുരം : കാഞ്ഞങ്ങാട് - പാണത്തൂർ - കാണിയൂർ റെയിൽ പാത വിഷയത്തിൽ ഇടപെടുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്റ് കെ. അഹമ്മദ് ഷരീഫ്, കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് സി.കെ. ആസിഫ് എന്നിവരുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാടിന്റെ റെയിൽവേ വികസനം സംബന്ധിച്ച് നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ട് ജനങ്ങൾക്ക് ഉറപ്പ് നൽകി.
കാഞ്ഞങ്ങാട് - ബംഗളുരു യാത്രാസമയം ആറുമണിക്കൂറായി ചുരുങ്ങുന്നതും മലയോര മേഖലയ്ക്ക് വലിയ തോതിൽ പ്രയോജനം ലഭ്യമാക്കുന്നതുമാണ് കാഞ്ഞങ്ങാട്- കാണിയൂർ റെയിൽ പാതയെന്ന് ചൂണ്ടിക്കാട്ടി. സർവേ നടപടികൾ പൂർത്തിയാകുകയും ആദായകരമാണെന്ന് കണ്ടെത്തുകയും ചെയ്ത കാഞ്ഞങ്ങാട്- കാണിയൂർ പാതയോട് കേന്ദ്ര റെയിൽവേ മന്ത്രാലയവും ബന്ധപ്പെട്ട സംസ്ഥാന സർക്കാരും കാട്ടുന്ന അലംഭാവ സമീപനത്തിൽ എംപിയുടെ അടിയന്തര നടപടിയുണ്ടാവണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
റെയിൽവേ സ്റ്റേഷന്റെ സമഗ്രവികസനത്തിനുതകുന്ന അമൃത ഭരതം പദ്ധതിയിൽ ഉൾപ്പെടുത്തുക ആക ദീർഘദൂര ട്രെയിനുകൾ സ്റ്റോപ്പ് അനുവദിക്കുക, ബേക്കൽകോട്ട, തലക്കാവേരി, റാണിപുരം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കവാടമായ കാഞ്ഞങ്ങാട് റെയിൽ വേ സ്റ്റേഷനെ ടൂറിസ്റ്റ് ഹബ്ബാക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചു.
No comments