Breaking News

പ്ലാസ്റ്റിക് കുപ്പി കൊണ്ട് വിദ്യാർത്ഥികൾ ഒരുക്കിയ മനോഹരമായ ക്രിസ്മസ് ട്രീ ഏവരുടേയും കൈയ്യടി നേടുന്നു




തൃശൂര്‍: പാഴ് വസ്തുക്കള്‍ വലിച്ചെറിയപ്പെടേണ്ടവയല്ല, മികച്ച കലാസൃഷ്ടിയിലൂടെ പുനരുപയോഗിക്കാന്‍ കഴിയുന്നവയാണെന്ന് തെളിയിക്കുകയാണ് തൃശ്ശൂരിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍. തിരുത്തിപ്പറമ്പ് സെന്‍റ് ജോസഫ് പള്ളി അങ്കണത്തിൽ ക്രിസ്മസ് ആഘോഷത്തിനോട് അനുബന്ധിച്ച് പ്ലാസ്റ്റിക് കുപ്പി കൊണ്ട് വിദ്യാർത്ഥികൾ ഒരുക്കിയ മനോഹരമായ ക്രിസ്മസ് ട്രീ ഏവരുടേയും കൈയ്യടി നേടുകയാണ്. വടക്കാഞ്ചേരി നഗരസഭയിലെ ബോട്ടില്‍ ബൂത്തുകളില്‍ നിന്നും ഹരിത കര്‍മ സേനാംഗങ്ങള്‍ ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടാണ് വിദ്യാർഥികൾ ക്രിസ്മസ് ട്രീ തയാറാക്കിയത്.


തിരുത്തിപ്പറമ്പ് സ്വദേശികളും പ്ലസ്ടു വിദ്യാര്‍ഥികളുമായ ആല്‍ബിന്‍ ബിജു, ആല്‍വിന്‍ ബിജു, ലിവിന്‍ ജോയ്, ക്രിസ്റ്റോ ജോസഫ്, അഭിഷേക് എന്നിവരാണ് കലാസൃഷ്ടിക്ക് ജന്മം നല്‍കിയത്. 12 അടി ഉയരത്തില്‍ വെള്ള നിറത്തിലുള്ള 1500 ഓളം പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് തീര്‍ത്ത ക്രിസ്മസ് ട്രീ കാഴ്ച്ചയ്ക്കും മനോഹരമാണ്. രണ്ട് ദിവസം കൊണ്ടാണ് ഈ കലാസൃഷ്ടി പിറവിയെടുത്തത്. പ്ലാസ്റ്റിക് വലിച്ചെറിയാതെ അവ പുനരുപയോഗിക്കാന്‍ കഴിയുമെന്ന നഗരസഭയുടെ സന്ദേശങ്ങളാണ് തങ്ങളില്‍ ഇത്തരമൊരു ആശയം ഉടലെടുക്കാന്‍ പ്രചോദനമായതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഇത് സംബന്ധിച്ച അവബോധ ക്ലാസുകള്‍ വിദ്യാലയങ്ങളിലും നടത്തി വരാറുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ക്രിസ്മസ് ആഘോഷത്തോട് അനുബന്ധിച്ച് നിരവധി വൈവിധ്യമാര്‍ന്ന ക്രിസ്മസ് ട്രീകളും അലങ്കാരങ്ങളും പള്ളി അങ്കണത്തില്‍ നിരന്നിട്ടുണ്ടെങ്കിലും പാഴ്‌വസ്തുവായ പ്ലാസ്റ്റിക് കുപ്പിയില്‍ നിര്‍മിച്ച ക്രിസ്മസ് മരമാണ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയത്. സാമ്പത്തിക ലാഭത്തോടൊപ്പം നാടിനു വലിയൊരു സന്ദേശവും നല്‍കാന്‍ ഈ കലാസൃഷ്ടിക്ക് കഴിഞ്ഞു. കൂടാതെ ഇനിയൊരു പാഴ്‌വസ്തു ആവാതെ തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കാന്‍ ഈ പച്ചമരത്തിനായി എന്നതും പ്രത്യേകതയാണ്.

No comments