Breaking News

കാക്കടവ് അരിയങ്കൽ ക്വാറി: ഹൈക്കോടതി അംഗീകാരം നൽകിയത് ആശങ്കാജനകം


കാക്കടവ്: പരിസ്ഥിതി ദുർബലവും തേജസ്വിനി പുഴയുടെ ഓരം ചേർന്ന് കിടക്കുന്നതുമായ ജന സാന്ദ്രയുള്ള കാക്കടവ് അരിയങ്കല്ല് പ്രദേശത്ത് ക്വാറിക്ക് അംഗീകാരം നൽകിയ ഹൈക്കോടതിയുടെ വിധി ആശങ്കാജനകമാണെന്ന് ക്വാറി വിരുദ്ധ ജനകീയ സമിതി അഭിപ്രായപ്പെട്ടു. പള്ളിയും മദ്രസയും അംഗൻവാടിയും  വ്യാപാരസ്ഥാപനങ്ങളും വീടുകളും നിലകൊള്ളുന്ന ഈ പ്ര ദേശത്ത് വർഷങ്ങൾക്കു മുമ്പ് ക്വാറിയുടെ പ്രവർത്തനം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചതായിരുന്നു. എന്നാൽ ഈ അടുത്തകാലത്ത് സ്ഥലം ഉടമ നാട്ടുകാർ അറിയാതെ പുറമേ നിന്നുള്ള ക്വാറി മാഫിയുമായി ബന്ധപ്പെട്ട് വീണ്ടും പ്രവർത്തനം തുടങ്ങാനുള്ള കരുക്കൾ നീക്കുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാർ ഇതിനെതിരെ ശക്തമായി സംഘടിക്കുകയും പ്രതിഷേധം ഉയർത്തുകയും ചെയ്തു. 

പഞ്ചായത്തിൽ നിന്ന് അനുമതി ലഭിക്കാതെ വന്നപ്പോൾ ഹൈക്കോടതിയിൽ പോയി തങ്ങൾക്ക് അനുകൂലമായി വിധി സമ്പാദിക്കുകയാണ് ചെയ്തത്.  എന്ത് വിലകൊടുത്തും ക്വാറിയുടെ പ്രവർത്തനം തടയാൻ തന്നെയാണ് നാട്ടുകാർ ഒന്നടങ്കം തീരുമാനിച്ചിട്ടുള്ളത്. പ്രകൃതിദുരന്തവും കാലാവസ്ഥാ വ്യതിയാനവും സംഭവിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ വളരെ ചെങ്കുത്തായ പ്രദേശത്ത് ക്വാറിയുടെ പ്രവർത്തനം ജനങ്ങൾക്ക് ഒന്നടങ്കം ഭീഷണിയായി മാറും എന്നാണ് നാട്ടുകാരെല്ലാം ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. അതിനുപുറമേ നാട്ടുകാരുടെ എതിർപ്പിനെ മറികടന്നുള്ള കോടതി വിധി വളരെ ആശങ്കയോടെയാണ് ഈ പ്രദേശത്തുള്ളവർ നോക്കിക്കാണുന്നത്. പ്രദേശത്തെ ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങൾ മനസ്സിലാക്കി ക്വാറി മാഫിയ പിന്തിരിയുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന്  ക്വാറി വിരുദ്ധ ജനകീയ സമിതി നേതാക്കൾ അറിയിച്ചു.

No comments