പുഴയുടെ ഓരം ചേർന്ന് പാടവും കുന്നും കൃഷിയിടവും കടന്ന് ഗ്രാമ കാഴ്ച നുകർന്ന് ഒരു യാത്ര... അരയാക്കടവ് - മുക്കട തീരദേശ പാതയിലൂടെയുള്ള ബസ് യാത്ര സഞ്ചാരികൾക്കും പ്രിയമേറുന്നു
കിനാനൂർ : പുഴയുടെ ഓരം ചേർന്ന് പച്ചപ്പ് നിറഞ്ഞ പാടവും കുന്നും കൃഷിയിടവും കടന്ന് ഗ്രാമ കാഴ്ച നുകർന്ന് ഒരു യാത്ര. അരയാക്കടവ് -- മുക്കട തീരദേശ പാതയിലൂടെയുള്ള ബസ് യാത്ര പതിവ് യാത്രക്കാർക്ക് പുറമെ സഞ്ചാരികൾക്കും പ്രിയമേറുന്നു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ അരയാക്കടവ് മുതൽ മുക്കട പാലം വരെയുള്ള തീരദേശപാതയിൽ തേജസ്വിനി പുഴയുടെ ഓരം ചേർന്ന് 13 കി.മീ ദൂരമാണ് ബസ് സഞ്ചരിക്കുന്നത്. ഇത്രയും ദൂരം പുഴയോരത്തുകൂടിയുള്ള ബസ് സർവീസ് ജില്ലയിൽ ചുരുക്കം. രണ്ട് കെഎസ്ആർടിസി ബസ്സും ഒരു സ്വകാര്യ ബസ്സും ചേർന്ന് അഞ്ച് സർവീസാണ് ഈ റൂട്ടിൽ നടത്തുന്നത്. ചിലയിടത്ത് തെങ്ങിൻതോപ്പും കൃഷിയിടങ്ങളും കാഴ്ച മറയ്ക്കുമെങ്കിലും മിക്കയിടത്തും പുഴ ദൃശ്യമാവും. യാത്ര ആസ്വദിക്കാൻ ഇതര സംസ്ഥാനത്തുനിന്നുള്ളവർ വരെ എത്തുന്നുണ്ട്. ഒരു മാസം മുമ്പ് പുനെയിൽനിന്ന് നീലേശ്വരത്തെത്തിയ ഒരു സംഘം ഇതുവഴി യാത്ര ചെയ്തിരുന്നു. നഗരവാസികളാണ് ഇതുവഴിയുള്ള യാത്ര കൂടുതൽ ആസ്വദിക്കുന്നത്. വേനൽക്കാലത്ത് കുളിർമയേകുന്ന അനുഭവമാണ് ഇതുവഴിയുള്ള യാത്ര.കാഞ്ഞങ്ങാട്, നീലേശ്വരം നഗരങ്ങളിൽനിന്ന് പുറപ്പെടുന്ന ബസ്സുകൾ ചായ്യോത്ത് വഴി അരയാക്കടവിന് സമീപത്തുനിന്നും തീരദേശ റോഡിലേക്ക് പ്രവേശിക്കും. കിണാവൂർ, കീഴ്മാല, പാറക്കോൽ, വേളൂർ, അണ്ടോൾ, വടക്കെ പുലിയന്നൂർ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് മുക്കടയിൽ എത്തും. കിണാവൂർ, കീഴ്മാല, പാറക്കോൽ, വേളൂർ, അണ്ടോൾ, വടക്കെ പുലിയന്നൂർ എന്നിവിടങ്ങളിലെ വയലുകൾ കടന്നാണ് യാത്ര.കഴിഞ്ഞ വർഷം ഫെബ്രുവരി ഒന്നിനാണ് ഈ റൂട്ടിൽ കെഎസ്ആർടിസിയുടെ ആദ്യ ബസ് ഓടിത്തുടങ്ങിയത്. കാഞ്ഞങ്ങാട് നിന്ന് കമ്പല്ലൂർ വരെയാണ് സർവിസ്. ഏതാനും മാസം കഴിഞ്ഞ് മറ്റൊരു കെഎസ്ആർടിസി ബസ്സും പിന്നീട് ഒരു സ്വകാര്യ ബസ്സും സർവീസ് തുടങ്ങി. കാഞ്ഞങ്ങാട് നിന്ന് എളേരിത്തട്ട് വരെയുള്ള കെഎസ്ആർടിസി ബസും നീലേശ്വരത്തുനിന്ന് ചിറ്റാരിക്കൽ വരെയുള്ള സ്വകാര്യ ബസ്സുമാണ് ഇവ. രാവിലെയും വൈകിട്ടുമാണ് ബസ്സുകളുടെ സർവീസ്. മൂന്ന് വർഷം മുമ്പാണ് അരയാക്കടവ് -- മുക്കട തീരദേശ പാത യാഥാർഥ്യമായത്. ഈ പാത കാര്യങ്കോട് വരെ പൂർത്തിയായാൽ തീരദേശവാസികളുടെ യാത്രാ സൗകര്യം വർധിക്കുന്നതിനൊപ്പം മികച്ച യാത്രാനുഭവവും സമ്മാനിക്കും. അരയാക്കടവ്, മുക്കട പാലങ്ങൾക്കിടയിൽ പഴയോരത്ത് ടൂറിസം പദ്ധതി തയ്യാറാക്കിയാൽ ഇവിടേക്ക് സഞ്ചാരികളുടെ വരവും കൂടും.
No comments