Breaking News

റാണിപുരം വനമേഖലയിൽ നടത്തിയ ചിലന്തി സർവേയിൽ 111 ഇനം ചിലന്തികളെ കണ്ടെത്തി


രാജപുരം : റാണിപുരം വനമേഖലയിൽ നടത്തിയ ചിലന്തി സർവേയിൽ 111 ഇനം ചിലന്തികളെ കണ്ടെത്തി. അപൂർവമായി കാണുന്ന ചാട്ടക്കാരൻ ചിലന്തി ഇനത്തിൽപെട്ട നാല് ഇനങ്ങളെയും കണ്ടെത്തി. വന മേഖല വന്യജീവികളുടെയും പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ചിലന്തികളുടെയും ആവാസകേന്ദ്രമായി മാറിയതോടെയാണ് വനവുമായി ബന്ധപ്പെട്ടുള്ള വിവിധ സർവേയ്ക്ക് റാണിപുരം കേന്ദ്രമാകുന്നത്. തണുത്ത കാലവസ്ഥയായതിനാൽ പലവിധ ജീവികൾ ഇവിടെ ജീവിക്കുന്നു. സാധാരണ വനമേഖലകളിൽ ഒരു മീറ്റർ ചുറ്റളവിൽ ആറോളം ചിലന്തികളെയാണ് കണ്ടെത്താനുള്ളതെന്നും എന്നാൽ റാണിപുരത്ത് പത്തിലധികം ഇനങ്ങളെ കണ്ടെത്താനായെന്നും കർണാടക ആസ്ഥാനമായ ചിലന്തികളെക്കുറിച്ച് ഗവേഷണം നടത്തുന്ന സംഘടനയായ ടീം സാലികയുടെ അംഗവും ചിലന്തി ഗവേഷകനുമായ ഡോ. എ പി സി അഭിജിത്തും പറഞ്ഞു. ചിലന്തികളെക്കുറിച്ച് റാണിപുരം കേന്ദ്രീകരിച്ച് കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നും ഇതിലെ കണ്ടെത്തൽ ലോക ചിലന്തി ഗവേഷണ രംഗത്ത് മുതൽകൂട്ടാകുമെന്നും സർവേയുടെ കോഡിനേറ്ററും നാച്ചുറലിസ്റ്റുമായ കെ എം അനൂപും പറഞ്ഞു. വനം വന്യജീവി വകുപ്പ് ജില്ലാ ഡിവിഷൻ, റാണിപുരം വന സംരക്ഷണ സമിതി, പനത്തടി പഞ്ചായത്ത് ജൈവ പരിപാലന സമിതി, ടീം സാലിക, കാസർകോട് ബേഡേർഡ് എന്നിവയുടെ സഹകരണത്തോടെയാണ് റാണിപുരത്ത് ക്യാമ്പ് സംഘടിപ്പിച്ചത്.

No comments