മതിയായ രേഖകൾ ഇല്ലാതെ അനധികൃതമായി താമസിച്ചു വരികയായിരുന്ന ബംഗ്ലാദേശ് പൗരനെ കാഞ്ഞങ്ങാട് നിന്നും അറസ്റ്റ് ചെയ്തു
കാഞ്ഞങ്ങാട് : മതിയായ രേഖകൾ ഇല്ലാതെ ബല്ല, ആലയിൽ, പൂടംകല്ലിലെ ക്വാർട്ടേഴ്സിൽ അനധികൃതമായി താമസിച്ചു വരികയായിരുന്ന ബംഗ്ലാദേശ് പൗരനായ അതിയാർ റഹ്മാനെ (20) ആന്റി ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഹോസ്ദുർഗ് പോലീസിന്റെ സഹായത്തോടെ കണ്ണൂരിൽ നിന്നും എത്തിയ ആന്റി ടെററിസ്റ്റ് സ്ക്വാഡിലെ എസ്.ഐ. കെ.വി. രാജേഷും സംഘവും
ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്.
ഇതര രാജ്യക്കാരനായ ഒരാൾ താമസിക്കുന്നുണ്ട് എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. തുടർന്ന് ഇയാൾക്കെതിരേ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.
മൂന്ന് മാസത്തോളമായി പ്രദേശത്ത് തേപ്പ് ജോലി ചെയ്തു വരികയായിരുന്നു.
എന്നാൽ ഇയാളുടെ കൈവശം ഉണ്ടായിരുന്ന തിരിച്ചറിയൽ കാർഡിൽ സാബിർ ഷേഖ് നാദിയ (24) എന്ന പേരാണ് ഉണ്ടായിരുന്നത്. ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്നു പോലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. മാത്രമല്ല തിരിച്ചറിയൽ കാർഡിന്റെ ഒറിജിനൽ കോപ്പി കൈവശം ഉണ്ടായിരുന്നില്ല. മൊബൈൽ ഫോണിൽ എടുത്തു വച്ച ഫോട്ടോ മാത്രമാണ് ഉണ്ടായിരുന്നത്. ഒറിജിനൽ രേഖകൾ എവിടെയാണെന്നു അന്വേഷണ സംഘം ചോദിച്ചപ്പോൾ യാത്രക്കിടയിൽ നഷ്ടപ്പെട്ടുവെന്ന മറുപടിയാണ് അത്തിയാർ റഹ്മാൻ നൽകിയത്. പശ്ചിമ ബംഗാളിൽ ബന്ധുക്കൾ ഉണ്ടായിരുന്നുവെന്നും അവരെല്ലാം മരിച്ചു പോയതായും യുവാവ് മൊഴി നൽകി. ഇയാളുടെ ഫോണിൽ ബംഗ്ലാദേശ് നിന്നുള്ള ആൾക്കാരുടെ ഫോൺ ചാറ്റിംഗും മറ്റും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കാൻ വരുമ്പോൾ തന്നെ
ഇവരുടെ രേഖകൾ കെട്ടിട്ട ഉടമകൾ പരിശോധിച്ച് ഒറിജിനൽ കൈവശം വയ്ക്കുകയും കോപ്പികൾ താമസക്കാരനെയും കൊണ്ട് നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തി ഹാജരാക്കണമെന്നും
നിർദ്ദേശമുണ്ട്. വരും ദിനങ്ങളിൽ പോലീസ് നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെയും കേസെടുക്കാൻ പോലീസ് തയ്യാറാകുമെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് വ്യക്തമാക്കി.
ബംഗ്ലാദേശ് പൗരന്മാരായ നിരവധി പേർ പശ്ചിമബംഗാൾ സ്വദേശികളെന്ന വ്യാജേന കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചു വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എ.ടി.എസ് കാഞ്ഞങ്ങാട്ടെത്തി സാബിർ ഷേഖ് നാദിയയെ പിടികൂടിയത്. രണ്ടു മാസം മുമ്പ് മറ്റൊരു ബംഗ്ലാദേശ് പൗരനെ ആസാം പോലീസ് കാഞ്ഞങ്ങാട് പടന്നക്കാട് എത്തി പിടികൂടിയിരുന്നു.
No comments