Breaking News

പാണത്തൂർ മഞ്ഞടുക്കം തുളൂർവനം ഭഗവതി ക്ഷേത്ര കളിയാട്ട നഗരിയിൽ സ്നേഹ സാഹോദര്യം പകർന്ന് പാണത്തൂർ ജമാഅത്ത് ഭാരവാഹികളെത്തി


പാണത്തൂർ : കളിയാട്ടം നടക്കുന്ന പാണത്തൂർ മഞ്ഞടുക്കം ശ്രീ തുളൂർ വനത്ത് ഭഗവതി ക്ഷേത്രത്തിൽ ആശംസ നേരാൻ പാണത്തൂർ ജമാഅത്ത് ഭാരവാഹികളെത്തി. ജമാ അത്ത് ഭാരവാഹികളെ കാട്ടൂർ തമ്പാൻ നമ്പ്യാരുടെ നേതൃത്വത്തിൽ ക്ഷേത്ര  ഭാരവാഹികൾ  സ്വീകരിച്ചു. വർഷങ്ങളായി മഞ്ഞടുക്കം ശ്രീ തുളൂർ വനത്ത് ഭഗവതി ക്ഷേത്ര  കളിയാട്ടത്തിന് ആശംസകൾ നേർന്നുകൊണ്ട് പാണത്തൂർ  ജമാഅത്ത് ഭാരവാഹികളും, പാണത്തൂർ മഖാം ഉറൂസിന് ആശംസകൾ നേർന്നു കൊണ്ട് മഞ്ഞടുക്കം ശ്രീ തുളൂർ വനത്ത് ഭഗവതി ക്ഷേത്രം ഭാരവാഹികളും പരസ്പര സന്ദർശനം നടത്താറുണ്ട്. രണ്ട് ആരാധനാലയങ്ങളും തമ്മിൽ പൗരാണികമായ ചില ബന്ധങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് തുടർന്ന് കൊണ്ടുപോകാൻ ഇരു ആരാധനാലയ ഭാരവാഹികളും ശ്രദ്ധ ചെലുത്താറുമുണ്ട്. ക്ഷേത്ര ഭാരവാഹികളുടെ ആഥിത്യം ഏറ്റുവാങ്ങി പരസ്പര സ്നേഹത്തിന്റെയും, മതേതരത്വത്തിന്റെയും നന്മയുള്ള സന്ദേശം പരസ്പരം കൈമാറി  മടങ്ങുമ്പോൾ 2025 ഏപ്രിൽ 10 മുതൽ നടക്കുന്ന ഉറൂസിന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെയും മുഴുവൻ ഭക്തജനങ്ങളെയും ജമാഅത്ത് ഭാരവാഹികൾ  സ്നേഹദരവുകളോടുകൂടി ക്ഷണിച്ചു. ജമാ അത്ത് ഭാരവാഹികളായ കെ.കെ. അബ്ദുൾ റഹ്മാൻ, മുനീർ പി.കെ, അസീസ് കോപ്പട്ടി, ഖാലിദ് കോളനി, അബ്ബാസ് എം.ബി, ജമാൽ എം.ബി, മൊയ്തു കുണ്ടുപ്പള്ളി, മുഹമ്മദ് കുഞ്ഞി പി.എ,സലീം കെ.സി എന്നിവരും മറ്റ് ചില മഹൽ അംഗങ്ങളുമാണ് ക്ഷേത്രത്തിലെത്തിയത്.

No comments